ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജിലെ പുതിയ ജനറൽ സർജറി വിഭാഗത്തിൽ വെള്ളം ഇല്ലാത്തതിനെ തുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും ശസ്ത്രക്രിയകള്‍ മുടങ്ങി. തിങ്കളാഴ്ച വൈകിട്ട് മോട്ടോറിന്റെ തകരാർ പരിഹരിച്ച് വെള്ളം പമ്പുചെയ്യാൻ തുടങ്ങിയെങ്കിലും ചൊവ്വാഴ്ച രാവിലെ മുതല്‍ വീണ്ടും മോട്ടോറും അനുബന്ധ സാമഗ്രികളും പണിമുടക്കുകയായിരുന്നു.
രോഗികളും കൂട്ടിരിപ്പുകാരും രാവിലെ ശുചിമുറിയിലെത്തിപ്പോഴാണ് ടാപ്പിൽ വെള്ളം ഇല്ലെന്നു മനസ്സിലാക്കുന്നത്. തലേദിവസം സ്വകാര്യ വെള്ള വിതരണ കമ്പനി ടാങ്കിൽ വെള്ളം എത്തിച്ചിരുന്നുവെങ്കിലും അതു തീർന്നിരുന്നു. വെള്ളമില്ലാത്തതുമൂലം ശസ്ത്രക്രിയകളും മുടങ്ങുകയാണ്. മൂന്ന് ശസ്ത്രക്രിയകള്‍ മാത്രമാണ് ചൊവ്വാഴ്ച നടന്നത്. മറ്റുള്ളതെല്ലാം വെള്ളം ഇല്ലാത്തതിനെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നു. ശസ്ത്രക്രിയക്കു ശേഷം കൈകഴുകാൻ പോലും വെള്ളമില്ലാത്ത അവസ്ഥയാണ് നിലവിൽ. സർജിക്കൽ ബ്ലോക്കിലേക്കാണ് വെള്ളം എത്താത്തത്. സാധാരണ ദിവസങ്ങളിൽ വിവിധ വിഭാഗങ്ങളിലായി 30 മുതൽ 40 വരെ ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്.
സർജിക്കൽ ബ്ലോക്കിൽ നടക്കുന്ന സെലക്ടീവ് ശസ്ത്രക്രിയകളും മാറ്റിവച്ചു. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾക്ക് പ്രശ്നമില്ല. കേടായ മോട്ടോർ നന്നാക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ഉച്ചക്കുശേഷം പുതിയ പമ്പുസെറ്റ് സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചു. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന 24 ശസ്ത്രക്രിയകൾക്ക് പുതിയ തീയതി നിശ്ചയിച്ചുനല്‍കും. വെള്ളം എത്തുന്ന മുറക്ക് ശസ്ത്രക്രിയകൾ നടത്തുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.