ഭീമന്‍പാറ ഉരുണ്ട്​ വീടിന്​ പിന്നില്‍; ഭീതിയോടെ കുടുംബം

മുണ്ടക്കയം: കനത്തമഴയില്‍ ഭീമന്‍പാറ ഉരുണ്ടുവന്ന്​ വീടിന്​ തൊട്ടുപിന്നില്‍ തങ്ങി. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി വാലുറമ്പില്‍ സുരേന്ദ്രന്‍റെ വീടിന്​ പിന്നിലാണ് ഭീമന്‍പാറ അപകടാവസ്ഥയില്‍ തങ്ങിനില്‍ക്കുന്നത്. സമീപത്തെ വനത്തില്‍നിന്നുമാണ് പാറ ഉരുണ്ടുവന്നത്. മറ്റൊരു പാറയുടെ അടിയിലിരുന്ന പാറയാണിത്. കനത്ത മഴയില്‍ പാറയുടെ അടിയില്‍ ഉറവുചാല്​ ഉണ്ടായിട്ടുണ്ട്. അതാണ് പാറ ഉരുളാനിടയായതെന്നാണ്​ സംശയം. അടുത്ത പാറയും താഴേക്ക് ഉരുളാന്‍ സാധ്യത ഏറെയാണ്. വ്യാഴാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. പുരയിടത്തിലെ റബര്‍മരങ്ങള്‍ കുലുങ്ങുന്ന ശബ്ദം കേട്ടാണ് സുരേന്ദ്രന്‍റെ മകന്‍ സൂരജ് പുറത്തേക്ക് ഇറങ്ങിയത്. അപ്പോഴാണ് ഭീമാകാരമായ പാറ വീടിന്​ പത്തടി പിന്നിലായി തങ്ങിനില്‍ക്കുന്നത് കണ്ടത്​. വീട്ടിനുള്ളില്‍ സുരേന്ദ്രന്‍, ഭാര്യ സതിയമ്മ, സൂരജിന്‍റെ ഭാര്യ ഗീതു, മകള്‍ രണ്ട്​ വയസ്സുകാരി അമയ എന്നിവരുണ്ടായിരുന്നു. സമീപത്തെ മരത്തിലും കമുകിലും പാറ തട്ടി വേഗം കുറഞ്ഞതിനാലാണ് ദുരന്തം ഒഴിവായത്. അപകടാവസ്ഥയിലായതുകൊണ്ട്​ ഇവര്‍ കോരുത്തോടുള്ള ബന്ധുവീട്ടിലേക്ക് മാറി. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. KTG w BL Paara -- 1കൂറ്റൻ പാറ 2 സുരേന്ദ്രനും കുടുംബവും (ഫയൽ ഫോട്ടോ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.