ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനങ്ങളുമായി ആരോഗ്യവകുപ്പ്

കോട്ടയം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ആരോഗ്യസേവനങ്ങളും ലഭ്യമാക്കുന്നതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ പറഞ്ഞു. ക്യാമ്പുകളിലെ ആരോഗ്യസേവനങ്ങൾ വിലയിരുത്താൻ ജില്ലയിലെ 28 ദുരിതാശ്വാസ ക്യാമ്പുകളും ജില്ല മെഡിക്കൽ ഓഫിസിൽനിന്നുള്ള സംഘം സന്ദർശിച്ചു. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.എൻ. വിദ്യാധരൻ, ജില്ല രോഗ നിരീക്ഷണ ഓഫിസർ ഡോ. കെ.കെ. ശ്യാംകുമാർ, ജില്ല മാസ് മീഡിയ ഓഫിസർ ഡോമി ജോൺ, ടെക്‌നിക്കൽ അസിസ്റ്റന്‍റുമാരായ ഇ.കെ. ഗോപാലൻ, എബ്രഹാം മാത്യു, കെ.എൻ. സുരേഷ് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഡോക്ടറുൾപ്പെടെ മെഡിക്കൽ സംഘം എല്ലാദിവസവും ക്യാമ്പുകൾ സന്ദർശിച്ച് രോഗികൾ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവരെ പരിശോധിക്കുന്നുണ്ട്. പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക്​ സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് സൗജന്യമായി മരുന്ന് നൽകുന്നു. പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ എല്ലാ ക്യാമ്പുകളിലും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പുവരുത്താനുള്ള നടപടി എടുത്തിട്ടുണ്ട്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്തു. പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം താമസിപ്പിക്കാനും കോവിഡ് പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. മലിനജലവുമായുള്ള സമ്പർക്കസാധ്യത കണക്കിലെടുത്ത് ക്യാമ്പുകളിലെ എല്ലാ അംഗങ്ങൾക്കും എലിപ്പനി പ്രതിരോധത്തിനുള്ള ഓരോ ഡോസ് ഡോക്‌സിസൈക്ലിൻ ഗുളിക നൽകും. കൂടാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ, മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രദേശവാസികൾ തുടങ്ങിയവർക്കും പ്രതിരോധ ചികിത്സയുടെ ഭാഗമായി ഗുളിക വിതരണം ചെയ്തു. കിണറുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് മലിനപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യപ്രവർത്തകരുടെയും ആശ പ്രവർത്തകരുടെയും നേതൃത്വത്തിൽ ക്യാമ്പുകളിലെയും പ്രദേശത്തെ വീടുകളിലെയും കിണറുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യും. മഴക്കെടുതി നാശനഷ്ടക്കണക്കുകൾ 12നകം നൽകണം -മന്ത്രി കെ. രാജൻ കോട്ടയം: മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടക്കണക്കുകൾ ആഗസ്റ്റ് 12നകം നൽകണമെന്ന് മന്ത്രി അഡ്വ. കെ. രാജൻ. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഓൺലൈനായി കൂടിയ ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ മേഖലയിലുണ്ടായ നഷ്ടം സംബന്ധിച്ച കണക്ക് നൽകണം. മഴ മുന്നറിയിപ്പുള്ളതിനാൽ വില്ലേജ് ഓഫിസ് ജീവനക്കാർ ഓഫിസ് പരിസരത്തുതന്നെ താമസിക്കണം. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഇടപെടുന്നതിനാണിത്. വില്ലേജുകളിലെ ജനകീയ സമിതികളെ സജീവമാക്കണം. താലൂക്ക്തല എമർജൻസി ഓപറേഷൻ സെന്‍ററുകൾ ഫലപ്രദമായി പ്രശ്‌നങ്ങളിൽ ഇടപെടുന്ന നിലയിൽ പ്രവർത്തിക്കണം. ഇവിടെ അഗ്നിരക്ഷ സേന, പൊലീസ്, കെ.എസ്.ഇ.ബി, വനം, ആരോഗ്യം വകുപ്പുകളിൽനിന്നുള്ളവരെക്കൂടി നിയോഗിക്കണം. ദുരിതമേഖലകളിലെ വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് മൃഗസംരക്ഷണ വകുപ്പുവഴി നടപടി സ്വീകരിക്കണം. ഫാമുകളുണ്ടെങ്കിൽ അവക്ക്​ സംരക്ഷണമൊരുക്കാനുള്ള നടപടി വേണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ കലക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി കലക്ടർമാരായ അനിൽ ഉമ്മൻ, കെ.എ. മുഹമ്മദ് ഷാഫി, ബി. ഫ്രാൻസിസ് സാവിയോ, ജിയോ ടി. മനോജ്, പാലാ ആർ.ഡി.ഒ പി.ജി. രാജേന്ദ്രബാബു, തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.