അധികാരമുണ്ടായിട്ടും ഉപയോഗിക്കാതെ സർക്കാർ കോട്ടയം: വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും കരുതൽ മേഖല വേണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ അധികാരമുണ്ടായിട്ടും ഉപയോഗിക്കാതെ സംസ്ഥാന സർക്കാർ. കരുതൽ മേഖല സംബന്ധിച്ച കരടുവിജ്ഞാപനം പുറപ്പെടുവിക്കുന്നതും അന്തിമതീരുമാനമെടുക്കുന്നതും കേന്ദ്രസർക്കാറാണെങ്കിൽ വന്യജീവി സങ്കേതങ്ങൾ സ്ഥാപിക്കുന്നതും അവയുടെ വിസ്തൃതി അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതും സംസ്ഥാന സർക്കാറാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമം 18ാം വകുപ്പുപ്രകാരം സംസ്ഥാന സർക്കാറിനാണ് വന്യജീവി സങ്കേതങ്ങൾ രൂപവത്കരിക്കാനുള്ള അധികാരവും ഉത്തരവാദിത്തവും. വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള വില്ലേജുകളിലും പഞ്ചായത്തുകളിലും പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളിൽ അറിയിപ്പ് നൽകി ഇതിനെ സംബന്ധിച്ച ജനങ്ങളുടെ ആക്ഷേപങ്ങൾ പരിഗണിക്കണം. തുടർന്ന് ജില്ല കലക്ടർക്കാണ് അന്തിമതീരുമാനം എടുക്കാനുള്ള അധികാരം. 19, 22 വകുപ്പുകളാണ് ഇതിനുള്ള അധികാരം നൽകുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് നഷ്ടപരിഹാരം നൽകുകയും വേണം. 1991 ഒക്ടോബർ രണ്ടിനു കൊണ്ടുവന്ന നിയമഭേദഗതിയിലൂടെ വന്യജീവി സംരക്ഷണ നിയമത്തിൽ കൂട്ടിച്ചേർത്ത 26 എ വകുപ്പ് പ്രകാരം വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിക്കാൻ സംസ്ഥാന നിയമസഭക്ക് അധികാരമുണ്ട്. ഈ നിയമം ഇപ്പോഴും നിലനിൽക്കുന്നു. ഇത് മറച്ചുവെച്ചാണ് കേന്ദ്രത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. കേരളത്തിലെ പശ്ചിമഘട്ട മലയോര മേഖലകളിൽ താൽക്കാലിക സംവിധാനത്തിൽ പ്രവർത്തിക്കുന്ന 25 വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ ഇപ്പോൾ ഉള്ളതിൽനിന്ന് ഒന്നു മുതൽ 10 കിലോമീറ്റർ ഉള്ളിലേക്ക് പുതുക്കി നിശ്ചയിക്കാൻ ഇപ്പോഴും സംസ്ഥാന നിയമസഭക്ക് അധികാരമുണ്ട്. എന്നാൽ, ഇതുപ്രയോഗിച്ച് മലയോര കർഷകരുടെ ദുരിതത്തിന് അറുതിവരുത്താൻ പശ്ചിമഘട്ട മലയോര മേഖലയിൽനിന്നുള്ള എം.എൽ.എമാർപോലും തയാറാകുന്നില്ല. ടി. ജുവിൻ ktgact1: വന്യജീവി സംരക്ഷണ നിയമത്തിൽ വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിക്കാൻ സംസ്ഥാന നിയമസഭക്ക് അധികാരമുണ്ടെന്ന് സൂചിപ്പിക്കുന്ന ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.