മൂലമറ്റം: ഇടുക്കി സുവർണജൂബിലി എക്സ്റ്റൻഷൻ പദ്ധതി എന്ന പേരിലുള്ള ഇടുക്കി രണ്ടാം ഘട്ട വൈദ്യുത നിലയത്തിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഒന്നാം ഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ പിന്നിട്ടത് പ്രധാന കടമ്പ. കേന്ദ്രത്തിന്‍റേത് ഉൾപ്പെടെ മറ്റ് എട്ടോളം അനുമതികൾ കൂടി ലഭിച്ചാൽ നിർമാണം ആരംഭിക്കാം. ഈ വർഷം ഡിസംബറോടെ എല്ലാ വിധ പഠനങ്ങളും അനുമതികളും പൂർത്തിയാക്കി വിശദപദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) സമർപ്പിക്കും. നിലവിലെ നിലയത്തിന്‍റെ സുവർണ ജൂബിലി വർഷമായ 2028ൽ രണ്ടാം നിലയം കമീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ഒന്നും രണ്ടും ഭൂഗർഭ നിലയങ്ങൾ മൂലമറ്റത്തിന് സ്വന്തമാകും. നിലവിലെ നിലയത്തിൽനിന്ന് 500 മീറ്റർ മാറി മൂലമറ്റം ട്രൈബൽ ഹോസ്റ്റലിന് സമീപമാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്കോസ് (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്) നടത്തിയ സർവേയിലാണ് ഈ സ്ഥലം അനുയോജ്യമെന്ന് കണ്ടെത്തിയത്. ഇനി ഇവിടത്തെ മണ്ണിന്‍റെയും പാറയുടെയും ഉൾപ്പെടെ കാഠിന്യം പരിശോധിക്കണം. നിലവിലെ വൈദ്യുതി നിലയത്തിന് സമാനമായി ഭുഗർഭ നിലയമാകും നിർമിക്കുക. ഇടുക്കി ജലാശയത്തിലെ ജലം തന്നെ ഉപയോഗിച്ച് തിരക്കുള്ള സമയങ്ങളിൽ 200 മെഗാവാട്ടിന്‍റെ നാല് ജനറേറ്ററുകൾ വഴി 800 മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപ്പാദിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. രണ്ടാം നിലയം കൂടി എത്തുന്നതോടെ ഇടുക്കി പദ്ധതിയുടെ ഉൽപാദനശേഷി 2590 ദശലക്ഷം യൂനിറ്റായി വർധിക്കും. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ പകുതിയിലേറെ മൂലമറ്റത്തെ നിലയങ്ങളുടെ സംഭാവനയായി മാറുകയും ചെയ്യും. വൈദ്യുതി ഉപയോഗം കൂടുതലുള്ള വൈകുന്നേരം ആറ് മുതൽ രാത്രി 10 വരെ പ്രവർത്തിപ്പിക്കുക എന്നതാണ് പുതിയ നിലയത്തിന്‍റെ ഉദ്ദേശ്യം. ഈ സമയങ്ങളിൽ കേരളത്തിന് ആവശ്യമായ വൈദ്യുതി ആഭ്യന്തരമായി ഉൽപാദിപ്പിക്കാൻ നിലവിൽ കഴിയുന്നില്ല. പുറം സംസ്ഥാനങ്ങളിൽനിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് ഈ കുറവ് നികത്തുന്നത്. ഇടുക്കി രണ്ടാംഘട്ട പദ്ധതി യാഥാർഥ്യമാകുന്നതോടെ പുറം വൈദ്യുതിയെ ആശ്രയിക്കുന്നത് ഗണ്യമായി കുറക്കാനും അതുവഴി പ്രതിദിനം കോടിക്കണക്കിന് രൂപ ലാഭിക്കാനും കഴിയുമെന്നാണ് കെ.എസ്.ഇ.ബി കണക്ക് കൂട്ടുന്നത്. കൂടുതൽ സൗരോർജ നിലയങ്ങളും പുരപ്പുറ സൗരോർജ പദ്ധതികളും പൂർത്തിയാകുന്നതോടെ പകൽ സമയത്തെ ഉപഭോഗം കൂടുതലും സോളാർ വൈദ്യുതിയിലേക്ക് മാറും. ചിത്രം TDG Power house: നിലവിലെ മൂലമറ്റം വൈദ്യുതി നിലയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.