സോജൻ വർഗീസ്
കോട്ടയം: മോനിപ്പള്ളി പയസ് മൗണ്ട് പ്രദേശത്തെ വീട്ടിൽ കയറി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമാക്കിൽ വീട്ടിൽ സോജൻ വർഗീസ് (39) ആണ് പിടിയിലായത്.
മോനിപ്പള്ളി വേരമ്മനാൽ വീട്ടിൽ ഗൃഹനാഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരി 25ന് രാത്രി കുടുംബാംഗങ്ങൾ പള്ളിയിലെ പെരുനാളിൽ പങ്കെടുക്കാൻ പോയ സമയത്താണ് വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്ന് മൂന്നര പവൻ സ്വർണവും 20,800 രൂപയും 100 അമേരിക്കൻ ഡോളറും കവർന്നത്.
കുറവിലങ്ങാട് പൊലീസ് കേസെടുക്കുകയും വിരലടയാള വിദഗ്ധർ ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയിൽ ഫെബ്രുവരിയിൽ ഉഴവൂർ പയസ് മൗണ്ട് ഭാഗത്ത് രാത്രിയിൽ പുറത്തിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിലാണ് സോജൻ അറസ്റ്റിലായി. പിന്നീട് കോട്ടയം ജില്ല ഫിംഗർപ്രിന്റ് ബ്യൂറോ നടത്തിയ പരിശോധനയിലാണ് സംഭവ സ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളങ്ങൾ സോജൻ വർഗീസിന്റെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തിയത്. ഇതോടെ ജനുവരിയിൽ നടന്ന മോഷണകേസിൽ ലഭിച്ച വിരലടയാളങ്ങൾ പ്രതി സോജന്റെ വിരലടയാളങ്ങളുമായി പരിശോധന നടത്തുകയും ഈ കേസിലും സോജൻ തന്നെയാണ് പ്രതി എന്ന് കണ്ടെത്തുകയുമായിരുന്നു.
വ്യാഴാഴ്ച രാവിലെ ഉഴവൂർ ഭാഗത്ത് കണ്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് വൈകീട്ട് മൂന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഐ.പി.എസ്.എച്.ഒ കുര്യാക്കോസ്, എസ്.ഐ രഞ്ജു മോൾ, എ.എസ്.ഐ അനസ്, എസ്.സി.പി.ഒമാരായ റെൻസൺ, എൻ.ഡി രാജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.