നിയമവും തുണച്ചില്ല; വൃക്ക വിൽക്കാനൊരുങ്ങി ബിനീഷ്​

ചെറുതോണി: കോടതിവിധി നടപ്പാക്കിക്കിട്ടാൻ വൈകുന്നതിനാൽ ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരനായ യുവാവ് വൃക്ക വിൽക്കാനൊരുങ്ങുന്നു. വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശി പ്രങ്ങാട്ടിൽ ബിനീഷാണ് (32) ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പതിനേഴാം വയസ്സിൽ മേസ്തിരിപ്പണിക്കിറങ്ങിയതാണ്​ യുവാവ്​. 2006 നവംബർ 17ന്​ മൂവാറ്റുപുഴയിൽ എൻജിനീയറിങ്​ കോളജ്​ നിർമാണത്തിനിടെ ലിഫ്റ്റിന്‍റെ പലക തകർന്ന് നാലാം നിലയിൽനിന്ന്​ വീണ ബിനീഷിന്‍റെ അരക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു. നഷ്ടപരിഹാരമായി അഞ്ചര ലക്ഷവും വിധി നടപ്പാക്കുന്നതുവരെ ഈ തുകയുടെ 12 ശതമാനം പലിശയും കോളജ്​ മാനേജ്​മെന്‍റ്​ നൽകണമെന്ന്​ 2012ൽ കോടതി ഉത്തരവിട്ടു. എന്നാൽ, വിധി നടപ്പാക്കാൻ മാനേജ്​മെന്‍റ്​ തയാറായിട്ടില്ല. ഓരോ തവണയും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കോളജ്​ അധികൃതർ ഉത്തരവാദിത്തത്തിൽനിന്ന്​ ഒഴിയുകയാണെന്ന്​ ബിനീഷ്​ പറയുന്നു​. ബിനീഷും അമ്മയും മാത്രമാണ്​ വീട്ടിലുള്ളത്. 60 വയസ്സുള്ള മാതാവ് കൂലിപ്പണി ചെയ്ത്​ കിട്ടുന്ന തുച്ഛവരുമാനമാണ്​ ഏക ജീവിതമാർഗം​. വിധി നടപ്പാക്കിക്കിട്ടാൻ കോടതി വരാന്തകൾ കയറിയിറങ്ങി മടുത്താണ്​ വൃക്ക വിൽക്കാൻ ബിനീഷ്​ സമൂഹ മാധ്യമത്തിൽ പരസ്യം ചെയ്തിരിക്കുന്നത്​. ചിത്രം: TDG Binesh ബിനീഷ്​ വീൽ ചെയറിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.