കോട്ടയം: വില്ലേജ് ഓഫിസ് തലംവരെയുള്ള വിവിധ സർക്കാർ ഓഫിസുകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായുള്ള തീവ്രയജ്ഞ പരിപാടിക്ക് ജില്ലയിൽ തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സെപ്റ്റംബർ 30നുള്ളിൽ തീർപ്പാകാത്ത ഫയലുകളുടെ നടപടി പൂർത്തീകരിക്കണം. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ് തലം വരെയുള്ള സർക്കാർ ഓഫിസുകളിലെ ഫയൽ തീർപ്പാക്കാനുള്ള സമഗ്രവും കാര്യക്ഷമവുമായ പദ്ധതികൾ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പാക്കും. വകുപ്പുതലത്തിൽ അതത് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും ജില്ലതലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഇതിനായുള്ള പ്രത്യേക കർമപരിപാടി നടപ്പാക്കും. വകുപ്പുതലത്തിലും ജില്ലതലത്തിലും പ്രത്യേക യോഗങ്ങൾ നടത്തി പുരോഗതി വിലയിരുത്തും. കോവിഡ് കാലത്ത് ഫയലുകൾ തീർപ്പാക്കാനുണ്ടായ കാലതാമസംമൂലം ഫയലുകൾ കെട്ടിക്കിടക്കാൻ ഇടയാക്കിയതിനെത്തുടർന്നാണ് തീവ്രയജ്ഞം നടത്തുന്നത്. തീർപ്പാക്കൽ ഘട്ടങ്ങളിൽ വകുപ്പ് തലത്തിലും ജില്ല/സംസ്ഥാന തലത്തിലും പുരോഗതി വിലയിരുത്തും. ഇത് സംബന്ധിച്ച് എല്ലാ മാസവും മന്ത്രിസഭ ചർച്ചനടത്തും. ഒക്ടോബർ പത്തിനകം ഓരോവകുപ്പും വകുപ്പിലെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് വകുപ്പുകളുടെ സമാഹൃത തീർപ്പാക്കൽ വിശദാംശം ഒക്ടോബർ 15നകം പ്രസിദ്ധീകരിക്കും. ജീവനക്കാരെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യുന്നത് തത്സമയം വീക്ഷിക്കുന്നതിനായി ജില്ലയിലെ വിവിധ ഓഫിസുകളിൽ ഓൺലൈൻ സംവിധാനം ഒരുക്കിയിരുന്നു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടർ ഡോ. പി.കെ. ജയശ്രീ, അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി കലക്ടർമാർ, ജില്ലതല ഓഫിസർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പടം: KTL file ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സർക്കാർ ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.