തൊടുപുഴയിൽ ലാത്തിച്ചാർജ്​; നാല്​ പേർക്ക്​ ഗുരുതര പരിക്ക്​

* യൂത്ത്​ കോൺഗ്രസ്​ ജില്ല സെക്രട്ടറിയുടെ കണ്ണ്​ തകർന്നു തൊടുപുഴ: ഇടുക്കി ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിനെ കാർ തടഞ്ഞ് മർദിച്ച ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്​ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ്​ ലാത്തിച്ചാർജിൽ യൂത്ത്​ കോൺഗ്രസ്​ ജില്ല സെക്രട്ടറി ഉൾപ്പെടെ നാല്​ പ്രവർത്തകർക്ക്​ ഗുരുതര പരിക്കേറ്റു. ലാത്തികൊണ്ടുള്ള അടിയിൽ​ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ബിലാൽ സമദിന്‍റെ ഇടത്​ കണ്ണിനാണ്​ മാരക പരിക്കേറ്റത്​. തുടർന്ന്​ തൊടുപുഴ സ്വകാര്യ ആശുപത്രിയിലും പിന്നീട്​​ വിദഗ്ധ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കാഴ്ചശക്തി തിരിച്ചുകിട്ടുന്നത്​ സംബന്ധിച്ച്​ കൂടുതൽ വിദഗ്​ധ പരിശോധനക്ക്​ ശേഷമേ പറയാനാകൂ എന്ന്​ ഡോക്ടർമാർ അറിയിച്ചു. ബിലാലിന്‍റെ തലക്കും പരിക്കുണ്ട്​. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എബി മുണ്ടയ്ക്കൽ, ബ്ലോക്ക് സെക്രട്ടറി ഷാനു ഖാൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ഷഫീഖ് എന്നിവരാണ്​ പരിക്കേറ്റ മറ്റുള്ളവർ. കോൺഗ്രസ് പ്രവർത്തകരുമായുള്ള ഉന്തിലും തള്ളിലും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു​. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽനിന്ന്​ ആരംഭിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ മിനി സിവിൽ സ്റ്റേഷനിലേക്ക്​ തള്ളിക്കയറാൻ ശ്രമിച്ചപ്പോഴാണ് ആദ്യം പൊലീസ്​ ലാത്തിവീശിയത്. തുടർന്ന്​ പ്രകടനം പ്രസ് ക്ലബ് ജങ്​ഷന്​ സമീപമെത്തിയപ്പോള്‍ റോഡരികിൽ സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്‍റെ കൊടിമരം കോൺഗ്രസ് പ്രവർത്തകർ പിഴുതുമാറ്റിയതോടെ സംഘർഷം മൂർഛിച്ചു. തുടർന്ന്​, പൊലീസ് രണ്ടാം വട്ടവും ലാത്തി വീശിയതോടെ പ്രവർത്തകർ പൊലീസിനു​ നേരെ തിരിഞ്ഞു. പൊലീസ്​ പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ചു. കോൺഗ്രസ് നേതാക്കളും ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരും ഇടപെട്ടാണ് കൂടുതൽ സംഘർഷം ഒഴിവാക്കിയത്. തുടർന്ന്​, മൂന്ന് വരെ കോൺഗ്രസ്​ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇതിനിടെ, സി.പി. മാത്യുവിനെ ആക്രമിച്ച അഞ്ച്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകരെ ​വൈകീട്ടോടെ അറസ്റ്റ്​​ ചെയ്ത്​ ജാമ്യത്തിൽ വിട്ടയച്ചു. ചിത്രങ്ങൾ: TDG Bilal പൊലീസ്​ ലാത്തിച്ചാർജിൽ കണ്ണിന്​ ഗുരുതര പരിക്കേറ്റ യൂത്ത്​ കോൺഗ്രസ്​ ഇടുക്കി ജില്ല സെക്രട്ടറി ബിലാൽ മുഹമ്മദ്​ TDG lathicharge ​തൊടുപുഴയിൽ കോൺ​ഗ്രസ്​ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ കെ.എസ്​.യു സംസ്ഥാന സെക്രട്ടറി​ മാത്യു കെ. ജോണിന്​ നേരെ പൊലീസ്​ ലാത്തി വീശുന്നു ​TDG head injury തൊടുപുഴയിൽ പൊലീസിന്‍റെ ലാത്തിയടിയേറ്റ്​ വീണ കോൺഗ്രസ്​ പ്രവർത്തകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.