ആലപ്പുഴ: സഞ്ചാരികളുമായി ജെട്ടിയിൽ നിർത്തിയിട്ട ഹൗസ്ബോട്ട് മുങ്ങി. സഞ്ചാരികളുടെ സാധനങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ മുങ്ങൽ വിദഗ്ധൻ മരിച്ചു. കൈനകരി പഞ്ചായത്ത് 14ാം വാർഡ് ഇ.എം.എസ് ബോട്ട്ജെട്ടി വാളാത്ത് തറയിൽ പ്രസന്നനാണ് (അർജുൻ -63) മരിച്ചത്. മൂന്ന് സഞ്ചാരികളും ജീവനക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ച അഞ്ചിനാണ് സംഭവം. തമിഴ്നാട്ടുകാരായ മൂന്നു സഞ്ചാരികളുമായി കായൽസവാരി നടത്തിയശേഷം വെള്ളിയാഴ്ച രാത്രി കന്നിട്ട ജെട്ടിക്ക് തെക്കുഭാഗത്തെ കായലോരത്ത് കെട്ടിയിട്ടതാണ് ഒറ്റമുറിയുള്ള 'കാർത്തിക' ഹൗസ്ബോട്ട്. കൊമ്മാടി കാർത്തിക നിവാസിൽ രമേശന്‍റെ ഉടമസ്ഥതയിലുള്ളതാണിത്. സഞ്ചാരികളായ തമിഴ്നാട് സ്വദേശികളായ ലോഗേഷ്, ഹരി, പ്രേമൻ, ഹൗസ്ബോട്ട് ജീവനക്കാരൻ വില്യം എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഉറങ്ങിക്കിടന്ന സഞ്ചാരികളുടെ കിടക്കയിലേക്ക് വെള്ളമെത്തിയതോടെയാണ് സംഭവമറിയുന്നത്. ഈസമയം ഇവർക്ക് ചായ ഇടാൻ എഴുന്നേറ്റ ഹൗസ്ബോട്ട് ജീവനക്കാരനും സഞ്ചാരികളും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ ഹൗസ്ബോട്ട് പൂർണമായും വെള്ളത്തിൽ താഴ്ന്നു. സഞ്ചാരികളുടെ ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകളും പണവും വസ്ത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ ബാഗുകൾ എടുക്കാനായില്ല. ഇത് വീണ്ടെടുക്കാനാണ് സമീപവാസിയും മുങ്ങൽ വിദഗ്ധനുമായ പ്രസന്നന്‍റെ സഹായം തേടിയത്. ശനിയാഴ്ച രാവിലെ 8.30ന് സ്ഥലത്തെത്തിയ പ്രസന്നൻ കായലിലേക്ക് ചാടി മുങ്ങിയ ഹൗസ്ബോട്ടിലെ മുറിയിലെത്തി ഒരുബാഗ് അടക്കം ചില സാധനങ്ങൾ ആദ്യം പുറത്തെത്തിച്ചു. മറ്റ് സാധനങ്ങൾ എടുക്കാൻ മുങ്ങിയതിനുശേഷം തിരിച്ചെത്തിയില്ല. കാണാതായതോടെ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ടപരിശ്രമത്തിനൊടുവിൽ ഹൗസ്ബോട്ടിന്റെ മുകൾഭാഗം കട്ടർ ഉപയോഗിച്ച് തകർത്ത് അകത്തുകയറി. തുടർന്ന് നടത്തിയ തിരച്ചിലിൽ ബോട്ടിലെ ഇടനാഴിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഉച്ചക്ക് 1.30ന് കരക്കെത്തിച്ച് ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അംബിക. മക്കൾ: സ്മിത, നിഷ, പ്രശാന്ത്. മരുമക്കൾ: അനിൽ, ബൈജു. APG house boat ആലപ്പുഴ കന്നിട്ട ജെട്ടിക്ക് സമീപം മുങ്ങിയ ഹൗസ്ബോട്ട് Attn: മരിച്ചയാളുടെ തലപടം കിട്ടിയാലുടൻ അയക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.