കോട്ടയം: നിർദിഷ്ട എരുമേലി വിമാനത്താവളത്തിൽ വിഭാവനം ചെയ്യുന്നത് 3500 മീറ്റർ നീളമുള്ള റൺവേ. ഇത് യാഥാർഥ്യമായാൽ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ റൺവേയാകും എരുമേലിയിലേത്. സംസ്ഥാന സർക്കാർ പദ്ധതി തത്ത്വത്തിൽ അംഗീകരിച്ചതോടെ പുതിയ സാമ്പത്തിക, സാങ്കേതിക സാധ്യത പഠനം ഉടൻ തുടങ്ങും. നെടുമ്പാശ്ശേരിയിൽ 3400 മീറ്ററും കണ്ണൂരിൽ 3050 മീറ്റർ നീളവുമുള്ള റൺവേകളാണുള്ളത്. 2.7 കിലോമീറ്ററിനാണ് ഇവിടെ നേരത്തേ സ്ഥലം കണ്ടെത്തിയിരുന്നത്. എന്നാൽ, നോഡൽ ഏജൻസിയായകേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനും (കെ.എസ്.ഐ.ഡി.സി) യു.എസ് കൺസൽട്ടൻസി ലൂയി ബഗ്റും ചേർന്നു തയാറാക്കിയ സാങ്കേതിക സാധ്യതാപഠനറിപ്പോർട്ടിൽ കേന്ദ്ര വ്യോമയാനമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ (ഡി.ജി.സി.എ)അഭിപ്രായം തേടിയിരുന്നു. ഇതിനുള്ള മറുപടിയിൽ ഭൂമിശാസ്ത്രപരമായ പിഴവുകൾ ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയിരുന്നു. ഡി.ജി.സി.എ സൂചിപ്പിച്ച പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു റൺവേക്ക് നീളം പോര എന്നത്. രാജ്യാന്തര വിമാനത്താവളത്തിന് 3000 മീറ്റർ നീളമുള്ള റൺവേ വേണം. ചട്ടം അനുസരിച്ച് റൺവേ തയാറാക്കാൻ സ്ഥലത്തിന് വീതിയും നീളവുമില്ല. മംഗലാപുരത്തിനും കോഴിക്കോടിനും സമാന സാഹചര്യമാണിവിടെയെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. അതോടെയാണ് ഈ പ്രശ്നം പരിഹരിക്കാൻ രണ്ടാമതും സർവേ നടത്തിയത്. ചെന്നൈയിലെ ജിയോ ഐഡി എന്ന കമ്പനിയാണ് ഒബ്സ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ് സർവേ വഴി റൺവേക്ക് പുതിയ സ്ഥലം കണ്ടെത്തിയത്. ഏതു ദിശയിലേക്കും വിമാനം ഉയരാനും ഇറങ്ങാനും ഉള്ള സൗകര്യം ഇവിടെയുണ്ട്. ലൂയി ബഗ്ർ ആണ് ഡ്രോൺ ഉപയോഗിച്ച് സാമ്പത്തിക സാങ്കേതിക സർവേ നടത്തുക. തുടർന്ന് റിപ്പോർട്ട് കെ.എസ്.ഐ.ഡി.സിക്ക് നൽകും. സംസ്ഥാന സർക്കാറിന്‍റെ അനുമതിയോടെ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിനും എയർപോർട്ട് അതോറിറ്റിക്കും റിപ്പോർട്ട് കൈമാറും. ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ബിലീവേഴ്സ് ചർച്ചുമായി നടക്കുന്ന കേസ് കോടതിയുടെ പരിഗണനയിലാണ്. സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം സർക്കാർ നേരത്തേ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ബജറ്റിൽ വിമാനത്താവളത്തിന്‍റെ സാധ്യതാപഠനത്തിനും ഡി.പി.ആർ. തയാറാക്കുന്നതിനും രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. കെ.എസ്.ഐ.ഡി.സിക്കാണ് വിമാനത്താവളത്തിന്‍റെ നിർമാണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.