കാട്ടാനയുടെ ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് ഡാലിക്കരിക്കം
നിവാസികള്‍ ഇന്ധനംനിറച്ച കുപ്പികളുമായി കുളത്തൂപ്പുഴ വനം റെയിഞ്ച് ഓഫിസ് ഉപരോധിച്ചപ്പോള്‍
കുളത്തൂപ്പുഴ: കാട്ടുമൃഗശല്യം രൂക്ഷമായ കുളത്തൂപ്പുഴ ഡാലിക്കരിക്കത്തില് കാട്ടാനയുടെ ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ കുളത്തൂപ്പുഴ വനം റെയിഞ്ചോഫിസിന് മുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചു. കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഡാലികരിക്കം വയലരികത്ത് വീട്ടില്‍ പ്രകാശനാ(48)നാണ് ആനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
വനത്തിനുള്ളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഒഴിഞ്ഞുപോകുന്നതിന് തയാറാണെന്നറിയിച്ച് സമ്മതപത്രം നല്കി വനം വകുപ്പുമായി കരാര്‍ ഒപ്പിട്ടെങ്കിലും തുടര്‍ നടപടി കൈക്കൊള്ളാതെ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നെന്നാരോപിച്ച് ഡാലിക്കരിക്കം നിവാസികള്‍ ഏറെനാളായി പരാതികളുമായി രംഗത്തുണ്ട്. ഇതിനിടെ പ്രദേശവാസികളിലൊരാൾ കാട്ടാനയുടെ ആക്രമണത്തിനിരയായതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം ആളിക്കത്തിയത്. തങ്ങളുടെ കുടിലുകളിലേക്ക് തിരികെ മടങ്ങുന്നില്ലെന്നും വനംവകുപ്പ് ഓഫിസ് പടിക്കല്‍ തീകൊളുത്തി മരിക്കുമെന്നറിയിച്ച് സംഘടിച്ചെത്തിയ നാട്ടുകാര്‍ ഏറെ നേരം റെയ്ഞ്ച് ഓഫിസ് പടിക്കല്‍ നിലയുറപ്പിച്ചു.
പ്രതിഷേധം കനത്തതിനെ തുര്‍ന്ന് വകുപ്പ് ഉന്നതരുമായി കുളത്തൂപ്പുഴ റെയ്ഞ്ച് ഓഫിസര്‍ അരുണ്‍കുമാര്‍ ചര്‍ച്ച നടത്തി. പുനരധിവാസ പദ്ധതി നടപടികള്‍ ത്വരിതപ്പെടുത്തി നഷ്ടപരിഹാരം ഉറപ്പാക്കാമെന്നറിയിക്കുകയും ഒപ്പം ഡാലിക്കരിക്കം ജനവാസ മേഖലക്ക് ചുറ്റും സൗരോര്‍ജ വേലി സ്ഥാപിച്ച് സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഉറപ്പുനല്‍കിയതോടെയാണ് സമരക്കാര്‍ പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.