കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസ് പ്രതി സന്ദീപിന് യാതൊരുവിധ മാനസിക രോഗത്തിന്റെയും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് കേസിലെ ദൃക്സാക്ഷികൾ കോടതിയിൽ വ്യക്തമാക്കി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് മുമ്പാകെ വിസ്താരത്തിനിടയിൽ സാക്ഷികൾ മൊഴി നൽകിയത്.
ശാരീരികമായി തനിക്ക് കീഴടക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ള ഇരകളെ പ്രതി തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ആയോധന മുറകളിൽ പ്രാവീണ്യം നേടിയ വ്യക്തിയെപ്പോലെയാണ് പ്രതി സംഭവദിവസം ഇരകളെ ആക്രമിച്ചതെന്നും കേസിലെ ഒന്നാംസാക്ഷി ഡോ. ഷിബിൻ ക്രോസ് വിസ്താരത്തിൽ പറഞ്ഞു.
പ്രതിക്ക് മാനസികരോഗം ഉണ്ടെന്നുള്ള പ്രതിഭാഗം അവകാശവാദവും സാക്ഷി കോടതിയിൽ നിരാകരിച്ചു. പ്രതിയെ കുടവട്ടൂരിൽ നിന്ന് രാത്രിയിൽ കൂട്ടിക്കൊണ്ടു വന്ന പൂയപ്പള്ളി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബേബി മോഹന്റെ ക്രോസ് വിസ്താരവും പൂർത്തിയായി. പ്രതി യാതൊരു മാനസിക അസുഖവും സംഭവ സമയത്ത് പ്രകടിപ്പിച്ചിരുന്നില്ലെന്ന് സാക്ഷി കോടതിയിൽ വ്യക്തമാക്കി. തുടർ സാക്ഷി വിസ്താരം ജൂലൈ 10ന് നടക്കും.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.