കൊല്ലം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക് പിന്തുണ നൽകാൻ തുടങ്ങിയ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്നേഹിത ജെന്റർ ഹെൽപ് ഡെസ്കിലേക്ക് ഇതുവരെ എത്തിയത് 1882 കോളുകൾ. 2013ൽ മൂന്ന് ജില്ലകളിലായി ആരംഭിച്ച ജെൻഡർ ഹെൽപ്പ് ഡെസ്ക് 2017-2018 സാമ്പത്തിക വർഷത്തിലാണ് കൊല്ലം ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. 2017 മുതൽ 2025 വരെ സ്നേഹിതയിൽ 2755 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഫോൺ വഴി റിപ്പോർട്ട് ചെയ്ത കേസുകളാണ് അധികവും. 1882 കേസുകൾ ഫോൺ വഴി റിപ്പോർട്ട് ചെയ്തപ്പോൾ 873 കേസുകൾ സ്നേഹിതയിൽ നേരിട്ടെത്തി പരാതി അറിയിച്ചവരാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ 85 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഗാർഹിക പീഡനമുൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്ന 430 സ്ത്രീകളുടെ കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂടാതെ 62 പോക്സോ കേസുകളും സ്നേഹിത ജെന്റർ ഹെൽപ് ഡെസ്കുടെ രജിസ്റ്റർ ചെയ്തു. ഇവർക്ക് കേരള ലീഗൽ സർവിസ് അതോറിറ്റിയുടെ സഹായത്തോടെ ആവശ്യമായ നിയമ സഹായം നൽകിവരുന്നു. ഗാർഹിക പീഡനമുൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അഭയ കേന്ദ്രമായ സ്ഥാപനമാണ് സ്നേഹിത ജെന്റർ ഹെൽപ് ഡെസ്ക്. 24 മണിക്കൂർ സേവനങ്ങളാണ് സ്നേഹിതയിലൂടെ ലഭ്യമാകുന്നത്. അതിക്രമങ്ങൾ നേരിട്ട് സ്നേഹിതയിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസികപിന്തുണ നൽകുന്നതോടൊപ്പം അവർക്കാവശ്യമായ നിയമസഹായം, കൗൺസിലിങ് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
കൂടാതെ താത്ക്കാലിക അഭയവും നൽകുന്നു. പുറമേ നിരവധി ബോധവത്ക്കരണ പ്രവർത്തനങ്ങളും 24 മണിക്കൂറും ടെലികൗൺസിലിങ്ങുമുണ്ട്. വനിതാ ശിശുക്ഷേമം, പോലീസ് എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് സ്നേഹിതയുടെ പ്രവർത്തനങ്ങൾ. പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പുകൾ, ജെൻഡർ റിസോഴ്സ് സെന്ററുകൾ എന്നിവ വഴിയാണ് അതിക്രമങ്ങൾക്കിരയാകുന്നവരെ സഹായിക്കുന്നത്. രാത്രിയിൽ ഒറ്റക്ക് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾ, പരീക്ഷ, ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾ എന്നിവർക്ക് ആവശ്യമെങ്കിൽ സ്നേഹിതയുടെ ഷോർട്ട് സ്റ്റേ ഹോമിൽ താമസിക്കാൻ സൗകര്യം ലഭ്യമാണ്.
സ്കൂളുകൾ കേന്ദ്രീകരിച്ചും കൗൺസിലിങ്ങ് പിന്തുണയും സ്നേഹിത ജെന്റർ പ്രോഗ്രാം വഴി നടത്തിവരുന്നു. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് ഉപജീവനം, അതിജീവനം, സുരക്ഷ എന്നിവക്കായി സർക്കാർ-സർക്കാർ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. സ്നേഹിത ജെന്റർ ഹെൽപ് സൗജന്യ ടോൾഫ്രീ നമ്പർ: 18004253565.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.