പാറ കിട്ടാനില്ല, നിർമാണ മേഖല പ്രതിസന്ധിയിൽ

കൊല്ലം: പാറയുടെ അനിയന്ത്രിതമായ വിലവർധനയും ക്ഷാമവും നിർമാണമേഖലയെ പ്രതിസന്ധിയിലാഴ്ത്തുന്നു. പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് നിർമാണ പ്രവർത്തനങ്ങളാണ് പ്രതിസന്ധി കാരണം പ്രധാനമായും തിരിച്ചടി നേരിടുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് നിർമാണവസ്തുക്കൾ ലഭ്യമായിരുന്നതും ഇപ്പോൾ നിലച്ചു. ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനം ആയി ഉയർത്തിയതും വിലക്കയറ്റത്തിന് വഴിയൊരുക്കി. സിമന്‍റ് വിലയും അനിയന്ത്രിതമായി ഉയർച്ചയിലാണ്.

നിലവിലുള്ള പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രം മൂന്ന് ലക്ഷം ക്യൂബിക് അടി പാറ ഉൽപന്നമാണ് ആവശ്യമായിട്ടുള്ളത്. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിലും ജല അതോറിറ്റി, നാഷനൽ ഹൈവേ, ഇറിഗേഷൻ ഡിപ്പാർട്മെന്റ് എന്നിവയുടെ പ്രവൃത്തികൾക്കും നിർമാണ സാമഗ്രികൾ വലിയതോതിൽ ആവശ്യമുണ്ട്.

കലക്ടറും ഓൾ കേരള ഗവൺമെന്‍റ് കോൺട്രാക്ടേഴ്സ്‌ അസോസിയേഷൻ പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കഴിഞ്ഞമാസം നടന്ന യോഗത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ലഭിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതുവരെ ഈ വിഷയത്തിൽ പരിഹാരം ഉണ്ടായിട്ടില്ല. സമയബന്ധിതമായി പണി പൂർത്തീകരിക്കാതിരുന്നാൽ അതിനുള്ള നടപടികളും കരാറുകാർ നേരിടേണ്ടതുണ്ട്.

തൊഴിലുറപ്പിനാവശ്യമായ നിർമാണ സാമഗ്രികൾ വിതരണം ചെയ്ത കരാറുകാർക്ക് ഒരുവർഷമായി തുക കുടിശ്ശികയാണ്. ട്രഷറിയിൽ 25 ലക്ഷത്തിനുമുകളിലുള്ള ബില്ലുകൾ മാറാത്തതും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്ന് കരാറുകാർ പറയുന്നു.

അനിയന്ത്രിതമായ വില വർധനയും ക്ഷാമവും നേരിടാൻ ജില്ലഭരണകൂടത്തിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യമാണ് ഓൾ കേരള ഗവൺമെന്‍റ് കോൺട്രാക്ടേഴ്സ്‌ അസോസിയേഷൻ ജില്ല കമ്മിറ്റി ഉയർത്തുന്നത്.

കരാറുകാർ പ്രക്ഷോഭത്തിന്

കൊല്ലം: നിർമാണമേഖലയിലെ പ്രതിസന്ധിയൊഴിവാക്കാൻ ജില്ല ഭരണകൂടം ഇടപെടണമെന്ന് പ്രമേയം പാസാക്കി ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ്‌ അസോസിയേഷൻ ജില്ല കമ്മിറ്റി.

വിവിധ വിഷയങ്ങൾ ഉന്നയിച്ച് സർക്കാർ കരാറുകാർ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജൂലൈ 26 രാവിലെ 10 മുതൽ 24 മണിക്കൂർ നിരാഹാര സത്യഗ്രഹവും 27ന് 11ന് സെക്രേട്ടറിയറ്റ് മാർച്ചും നടത്തും. യോഗത്തിൽ അസോസിയേഷൻ ജില്ല പ്രസിഡന്‍റ് എസ്. ബൈജു അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എസ്. ദിലീപ് കുമാർ, സുനിൽ ദത്തു, എൻ.ടി. പ്രദീപ്, സലിം, ഗോപി, ഷിബി, വെളിയം സുരേഷ്, അനീഷ്, രാമൻപിള്ള, അനിൽകുമാർ, സത്യപാലൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - rock not available, the construction sector is in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.