കൊല്ലം: ജില്ലയിൽ ലഹരിവ്യാപാരത്തിനെതിരെ ശക്തമായ നടപടികൾ തുടരുമ്പോഴും ലഹരിമാഫിയകൾക്ക് കൂച്ചുവിലങ്ങിടാൻ കഴിയാതെ അധികൃതർ. ജില്ലയുടെ വിവിധ ഇടങ്ങളിൽ എം.ഡി.എം.എ ഉൾപ്പെടെ ലഹരിവസ്തു കടത്തലില് പിടിയിലാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 2024 ജനുവരി മുതൽ ഡിസംബർ 31വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 676 എൻ.ഡി.പി.എസ് കേസുകളിൽ 676 പേർ അറസ്റ്റിലായി.
173.264 കിലോ കഞ്ചാവും എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ വിവിധ ഇടങ്ങളിൽനിന്ന് 43 കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിച്ചു. വിവിധ കേസുകളിലായി ജില്ലയിൽനിന്ന് 1.41 ഗ്രാം ഹെറോയിൽ, 0.702 ഗ്രാം ഹഷീഷ് ഓയിൽ, 163.679 ഗ്രാം എം.ഡി.എം.എ, 34.788 ഗ്രാം നൈട്രോസെഫാം ഗുളിക, 0.413 ഗ്രാം ആംഫിറ്റാമിൻ ഗുളിക എന്നിവയും എക്സൈസ് പിടിച്ചെടുത്തിരുന്നു.
ജില്ലയിൽ റിപ്പോർട്ട് ചെയ്ത 1416 അബ്കാരി കേസുകളിലായി 1228 പേരെയാണ് കഴിഞ്ഞവർഷം അറസ്റ്റ് ചെയ്തത്. 7572 കോട്പ കേസുകളിലായി 15,14,400 രൂപയും പിഴയും ഈടാക്കി. നടപടികൾ ശക്തമാക്കുമ്പോഴും ജില്ലയിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് സർക്കാർ സംവിധാനങ്ങൾക്കും നിയന്ത്രണാതീതമാകുകയാണ്. ലഹരിവ്യാപനം തടയുന്നതിന് കഴിഞ്ഞവർഷം എക്സൈസ് സ്വതന്ത്രമായും സംയുക്തമായും 10974 റെയ്ഡുകളിലായി 55,523 വാഹനങ്ങളിൽ പരിശോധിച്ചു.
അന്തർസംസ്ഥാനങ്ങളിൽനിന്ന് ട്രെയിനിലും സ്വകാര്യവാഹനങ്ങളിലുമാണ് ജില്ലയിലേക്ക് കൂടുതലും കഞ്ചാവ് എത്തുന്നത്. കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്നത് കഞ്ചാവാണെന്നാണ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. എക്സൈസ് വകുപ്പിന്റെ ലഹരിവേട്ടക്കുപുറമേ നിരവധിപേരെ ലഹരിമരുന്നുമായി പൊലീസും പിടികൂടുന്നുണ്ട്. കഴിഞ്ഞവർഷം സിറ്റി പൊലീസ് പരിധിയിൽ 96 കേസുകളിലായി 151 പ്രതികൾ പിടിയിലായി. 409.255 ഗ്രാം എം.ഡി.എം.എയും 81.009 കിലോ കഞ്ചാവുമാണ് പൊലീസ് പിടികൂടിയത്.
എം.ഡി.എം.എ ഉൾപ്പെടെ സിന്തറ്റിക് ഡ്രഗ്സ് കൈവശം വെക്കുകയും വിൽക്കുകയും ചെയ്യുന്ന നിരവധി കേസുകൾ പൊലീസിലും രജിസ്റ്റർ ചെയ്യുന്നുണ്ട്. ഈ വർഷവും ലഹരി മാഫിയസംഘങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും പൊതുജനങ്ങളുടെ പൂർണമായ സഹകരണം ഉണ്ടാകണമെന്നും എക്സൈസ് അറിയിച്ചു. മയക്കുമരുന്ന് വ്യാപാരമോ ഉപയോഗമോ സംബന്ധിച്ച വിവരങ്ങൾ 155358 എന്ന ടോൾഫ്രീ നമ്പറിലോ 1800 425 5644 നമ്പറിലോ അറിയിക്കാം. 14405 എന്ന വിമുക്തി നമ്പറിലൂടെയും സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരി സംബന്ധിച്ച വിവരങ്ങൾ നൽകാം. കൂടാതെ പൊലീസിന്റെ 1090, 112, 0474-2742265, എന്നീ നമ്പറുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.