കൊട്ടിയം: അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 75 സിലിണ്ടറുകളും ഗ്യാസ് നിറക്കാനുപയോഗിക്കുന്ന ട്യൂബുകളും ഇലക്ട്രോണിക് ത്രാസും വാഹനങ്ങളും പിടിച്ചെടുത്തു. കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ ഒരു വീടിനോട് ചേർന്ന് ഷെഡ് വാടകക്കെടുത്താണ് അനധികൃത റീഫില്ലിങ് നടത്തിയിരുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിൽ നിന്ന് വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാരത് ഗ്യാസ് സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറക്കുകയായിരുന്നു ഇവിടെ ചെയ്തിരുന്നത്.
പട്ടത്താനം സ്വദേശി അനിൽ സ്വരൂപ് എന്നയാളാണ് റീഫില്ലിങ് കേന്ദ്രം നടത്തിയിരുന്നത്. ഇയാളും പിടിയിലായിട്ടുണ്ട്. പിടികൂടിയവയിൽ നിറ സിലിണ്ടറുകളും കാലി സിലിണ്ടറുകളും ഉണ്ടായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ പിടികൂടിയതു സംബന്ധിച്ച് കലക്ടർക്കും പൊലീസിനും സപ്ലൈ ഓഫിസ് അധികൃതർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
യാതൊരു സുരക്ഷ മാനദണ്ഡങ്ങളുമില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നത്. വലിയ ജനവാസമില്ലാത്ത ഇവിടെ നിന്ന് മിനിലോറികളിലും ഓട്ടോകളിലും ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വിവരം ജില്ല സപ്ലൈ ഓഫിസറെ അറിയിച്ചു. തുടർന്ന് സപ്ലൈ ഓഫിസർ വൈ. സാറാമ്മയുടെ നേതൃത്വത്തിലുള്ള റേഷനിങ് ഇൻസ്പെക്ടർമാരുടെ സംഘമാണ് റെയ്ഡ് നടത്തി ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. ആർ.ഐമാരായ ജി. ബിജുകുമാരകുറുപ്പ്, എം. ഷാനവാസ്, എസ്. സജീഷ്, എ.എൽ. സനൂജ, ആർ. ജസ്ന, എസ്. ആശ, കെ.ഐ. അനില എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.