ദേ​ശീ​യ​പ​ണി​മു​ട​ക്കി​ൽ തി​ര​ക്കൊ​ഴി​ഞ്ഞ കൊ​ല്ലം ചാ​മ​ക്ക​ട മാ​ർ​ക്ക​റ്റ്

ദ്വിദിന ദേശീയ പണിമുടക്ക് നാടിനെ നിശ്ചലമാക്കി...

കൊല്ലം: നാടിനെ നിശ്ചലമാക്കിയ ദേശീയപണിമുടക്കിന്‍റെ ആദ്യ ദിനം പൂർണം. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്‍റെ ആദ്യ ദിനമാണ് ജില്ലയിൽ ജനജീവിതം സ്തംഭിപ്പിച്ചത്. പെട്രോൾ പമ്പ്, മെഡിക്കൽ സ്റ്റോർ, പച്ചക്കറി-പഴം വിൽപന കേന്ദ്രങ്ങൾ, ഹോട്ടലുകൾ ഭാഗികമായി പ്രവർത്തിച്ചു.

സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. പൊതുഗതാഗതത്തിന് ട്രെയിൻ മാത്രമായിരുന്നു ആശ്രയം. കൊല്ലം നഗരത്തിൽ പ്രതിഷേധം കണക്കിലെടുത്ത് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. അനിഷ്ട സംഭവങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഐക്യദാർഢ്യ സമ്മേളനങ്ങളും പ്രകടനങ്ങളും ജില്ലയിലുടനീളം നടന്നു.

സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രകടനം എൽ.ഐ.സി ഓഫിസിന് മുന്നിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ സമാപിച്ചു. ചിന്നക്കടയിലെ സത്യഗ്രഹപന്തലിൽ ചേർന്ന യോഗം യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ അധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂനിയൻ കൺവീനർ ടി.സി. വിജയൻ, എൻ. പത്മലോചനൻ, എസ്. സുദേവൻ, എ.എം. ഇക്ബാൽ, ജി. ആനന്ദൻ, ജെ. ഷാജി (സി.ഐ.ടി.യു), ജി. ബാബു, ബി. മോഹൻദാസ്, ബി. ശങ്കർ (എ.ഐ.ടി.യു.സി.), ടി.കെ. സുൽഫി, കുരീപ്പുഴ മോഹനൻ (യു.ടി.യു.സി), കോതേത്ത് ഭാസുരൻ, എച്ച്. അബ്ദുൽ റഹ്മാൻ, എസ്. നാസർ (ഐ.എൻ.ടി.യു.സി), എസ്. രാധാകൃഷ്ണൻ (എ.ഐ.യു.ടി.യു.സി), സി.ജെ. സുരേഷ് ശർമ (ടി.യു.സി.ഐ), അജിത് കുമാർ (ടി.യു.സി.സി), കുരീപ്പുഴ ഷാനവാസ്‌ (കെ.ടി.യു.സി), എസ്. രാജീവ്‌ (എൻ.എൽ.സി), ചക്കാലയിൽ നാസർ(എസ്.ടി.യു), അരുൺ കൃഷ്ണൻ (കോൺഫെഡറേഷൻ), എസ്. ഓമനക്കുട്ടൻ (എഫ്.എസ്.ടി.ഇ.ഒ), ബി. അനിൽകുമാർ (എൻ.ജി.ഒ.യു), എസ്. ദിലീപ് (കെ.ജി.ഒ.എ), യു. ഷാജി (എ.ഐ.ബി.ഇ.എ), ജി.കെ. ഹരികുമാർ (കെ.എസ്.ടി.എ), എൻ.എസ്. ഷൈൻ (കെ.എം.സി.എം.യു), എസ്. മുരളികൃഷ്ണൻ (കെ.എസ്.എഫ്.ഇ), സാബു (കെ.എസ്.ഇ.ബി), കെ. ഷാനവാസ്ഖാൻ (ജോയന്റ് കൗൺസിൽ), സി. അമൽദാസ് (ബെഫി) എന്നിവർ സംസാരിച്ചു.

പണിമുടക്ക്: കിഴക്കൻ മേഖല സ്തംഭിച്ചു

പുനലൂർ: സംയുക്ത തൊഴിലാളി യൂനിയൻ ആഹ്വാനം ചെയ്ത പണിമുടക്ക് ആദ്യദിനം കിഴക്കൻ മേഖലയിൽ പൂർണം. അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. പൊതു ഗതാഗതവും ചരക്ക് നീക്കവും പൂർണമായും നിലച്ചു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഒഴികെയുള്ളത് നിരത്തിലിറങ്ങിയില്ല. തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവ് വഴിയുള്ള ചരക്ക് വാഹനങ്ങളും കുറഞ്ഞു. ഒറ്റപ്പെട്ടെത്തിയ ചരക്ക് ലോറികളും ജി.എസ്.ടിയുടെ വാഹനവും കഴുതുരുട്ടിയിൽ സമരക്കാർ തടഞ്ഞിട്ടു.

പൊതുമേഖലയിലെ ഫാമിങ് കോർപറേഷൻ, റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ എന്നിവിടങ്ങളിലും തൊഴിൽ നിശ്ചലമായി. തെന്മല വാലി എസ്റ്റേറ്റ് മേഖലയിലും നൂറുകണക്കിന് തൊഴിലാളികൾ പണിമുടക്കിൽ പങ്കാളികളായി.

കെ.എസ്.ആർ.ടി.സി പുനലൂർ, ആര്യങ്കാവ് ഡിപ്പോകളിൽ നിന്നും ഒരു സർവിസും നടത്തിയില്ല. പണിമുടക്കിയ തൊഴിലാളികൾ പുനലൂർ, കരവാളൂർ, ഇടമൺ, കഴുതുരുട്ടി എന്നിവിടങ്ങളിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

പുനലൂരിൽ ടി.ബി ജങ്ഷനിൽ നിന്ന് പ്രകടനം ആരംഭിച്ച് പട്ടണം ചുറ്റി ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവസാനിച്ചു. പ്രതിഷേധ യോഗം സി.പി.എം നേതാവ് എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ജോബോയ് പെരേര അധ്യക്ഷത വഹിച്ചു. നേതാക്കളായ എസ്. ബിജു, വി.പി. ഉണ്ണികൃഷ്ണൻ, എ.ആർ. മുഹമ്മദ് അജ്മൽ, ജെ. ഡേവിഡ്, സലീം പുനലൂർ തുടങ്ങിയവർ സംസാരിച്ചു.

കഴുതുരുട്ടിയിൽ യോഗം എസ്. നവമണി ഉദ്ഘാടനം ചെയ്തു. മാമ്പഴത്തറ സലീം അധ്യക്ഷത വഹിച്ചു. കെ.ജി. ജോയി, ശിവൻകുട്ടി, പി.ബി. അനിൽമോൻ, ഐ. മൻസൂർ തുടങ്ങിയവർ സംസാരിച്ചു. 

അഞ്ചലിൽ അവശ്യ സർവീസ് മാത്രം

അഞ്ചൽ: വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ആദ്യ ദിനമായ ഇന്നലെ അഞ്ചൽ മേഖലയിൽ പൂർണം. ഏതാനും അവശ്യ സർവിസ് വ്യാപാര സ്ഥാപനങ്ങളല്ലാതെ മറ്റ് കടകമ്പോളങ്ങൾ പ്രവർത്തിച്ചിരുന്നില്ല. വിവാഹത്തിനും ആശുപത്രികളിലേക്കുമുള്ള ഏതാനും വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ആയൂർ, അഞ്ചൽ, ഏരൂർ എന്നിവിടങ്ങളിൽ പ്രകടനവും യോഗവും നടന്നു. ഏരൂരിൽ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ അധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്, സി.പി.എം ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ, തുമ്പോട് ഭാസി എന്നിവർ സംസാരിച്ചു.

ആയൂരിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജുജമാൽ ഉദ്ഘാടനം ചെയ്തു. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് രാധരാജേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.എസ്. അജയകുമാർ, എ.എം. റാഫി, ജ്യോതി വിശ്വനാഥ്, വി. രവീന്ദ്രനാഥ് മുതലായവർ സംസാരിച്ചു. അഞ്ചൽ ടൗണിൽ നടന്ന പ്രകടനത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബി. സേതുനാഥ്, വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ സുജചന്ദ്രബാബു, വി.എസ്. സതീശ്, എസ്. സൂരജ്, രഞ്ജു സുരേഷ് മുതലായവർ നേതൃത്വം നൽകി.

Tags:    
News Summary - protest by national strike supporters in city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.