കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവം ഫൈനൽ മത്സരത്തിൽ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ (വലത്ത്) ഒന്നാമതെത്തുന്നു , ചിത്രം; സി. സുരേഷ് കുമാർ
കൊല്ലം: അണിയം മുതൽ അമരം വരെ ഒരൊറ്റ മെയ്യും കൈയും മനവുമായി അഷ്ടമുടിയോളങ്ങളെ കുത്തിയെറിഞ്ഞ് അവർ കുതിച്ചു. ഓരോ ഇഞ്ചിലും വിട്ടുകൊടുക്കാതെ ആവേശത്തിന്റെ തുഴക്കൈകൾ വാനിൽ വീശിയുയർന്ന് അഷ്ടമുടിയുടെ വിരിമാറിനെ വകഞ്ഞുമാറ്റിക്കൊണ്ടിരുന്നു. ചുണ്ടൻ വള്ളമൊരുക്കുമ്പോൾ മാതാവ് പലകകളെയും ഏരാവ് പലകയെയും ഒത്തൊരുമയോടെ കൂട്ടിനിർത്തുന്ന ചെഞ്ചല്ല്യം പശ ചേർത്തൊട്ടിച്ചതുപോലെ പങ്കായക്കാരും താളക്കാരും തുഴക്കാരും അമരക്കാരുമെല്ലാം ഒത്തൊരുമയിൽ ഒരിഞ്ചുപോലും വിടവില്ലാതെ ചേർന്നൊഴുകിക്കൊണ്ടിരുന്നു. വള്ളപ്പാടകലെ എതിരാളികളെ പിന്തള്ളാം എന്ന മോഹം തോന്നാൻ പോലും സമയം ആർക്കും കിട്ടിയില്ല. ആശ്വസിച്ചൊന്നു ശ്വാസം വിടാൻ പോലും കഴിയാതെ ചുണ്ടനിൽ തുഴക്കാരും കരയിൽ കാണികളും കടന്നുപോയ നിമിഷങ്ങൾ. ‘ജലയുദ്ധത്തിന്റെ’ ആവേശാരവങ്ങൾ വാനിലുയർന്ന് നിറഞ്ഞപ്പോൾ അവിശ്വസനീയമായ ചുണ്ടൻ വള്ളപ്പോരിന്റെ മാസ്മരികതയിൽ കൊല്ലം ജനതയും മതിമറന്നു.
അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഫൈനൽ അഷ്ടമുടിയെ അക്ഷരാർഥത്തിൽ കോരിത്തരിപ്പിച്ചാണ് അവസാനിച്ചത്. അപ്രവചനീയമായ സെക്കൻഡുകളിൽ കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത ‘കൺഫ്യൂഷൻ’ നൽകി അവസാനിച്ച കിരീടപ്പോരാട്ടം തന്നെ പ്രസിഡന്റ്സ് ട്രോഫിയുടെ ആവേശം മുഴുവൻ നിറച്ചുവച്ചു. കരുത്തനാരെന്ന ചോദ്യത്തിന് പ്രസിഡന്റിന്റെ ഒപ്പ് പതിഞ്ഞ ട്രോഫി ഉയർത്തി പത്തനംതിട്ടക്കാരായ നിരണം ചുണ്ടൻ മറുപടി നൽകിയപ്പോൾ ലീഗ് ചാമ്പ്യന്റെ പകിട്ടിന് ഒട്ടും കുറവില്ലാത്ത പ്രകടനത്തോടെ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ വീയപുരം ചുണ്ടനും തലയുയർത്തി തന്നെ മടങ്ങി.
ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മുതൽ ആവേശം അലതല്ലി നിറയുകയായിരുന്നു അഷ്ടമുടിയിൽ. അവസാന മൂന്നുപേരിൽ ഒരാളാകാൻ എല്ലാ കരുത്തും നിറച്ചെത്തിയ ഒമ്പത് ചുണ്ടന്മാർ അണിനിരന്നു. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ, നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ, പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടൻ, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബിന്റെ നടുവിലെ പറമ്പൻ ചുണ്ടൻ, പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ, തെക്കേക്കര ബോട്ട് ക്ലബിന്റെ ചെറുതന ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാടൻ ചുണ്ടൻ, ചങ്ങനാശ്ശേരി ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ എന്നീ കരുത്തരാണ് പ്രസിഡന്റ്സ് ട്രോഫിയുയർത്താനുള്ള മോഹവുമായി കൊല്ലത്ത് ആവേശം നിറച്ചത്. ഹീറ്റ്സ് പോരാട്ടത്തിലെ മികച്ച സമയവുമായി വീയപുരം ചുണ്ടനും മേൽപ്പാടം ചുണ്ടനും നിരണം ചുണ്ടനും ഫൈനലിലേക്ക് കുതിച്ചപ്പോൾ ഇത്തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മൂന്ന് സ്ഥാനക്കാർ തമ്മിലുള്ള യുദ്ധമായി പ്രസിഡന്റ്സ് ട്രോഫി ഫൈനലും മാറി. അഷ്ടമുടിയിലെ 1100 മീറ്റർ ട്രാക്ക് യുദ്ധക്കളമാക്കി ചുണ്ടൻ വീരന്മാർ പോരാടിയപ്പോൾ സെക്കൻഡുകൾ പോലും കീറിമുറിക്കപ്പെടുകയായിരുന്നു.
2023ൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ചുണ്ടനായും 2024ൽ വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തായും കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി ഉയർത്തി, ഇത്തവണ ഹാട്രിക് തേടി എത്തിയ വീയപുരത്തിനെ മൈക്രോസെക്കൻഡ് വ്യത്യാസത്തിൽ പിന്തള്ളി നിരണം ചുണ്ടൻ അങ്ങനെ ജേതാവായി. ഈ രണ്ട് താരങ്ങളോടും ഇഞ്ചോടിഞ്ച് പോരാടിയശേഷമാണ് പള്ളാത്തുരുത്തിയുടെ മേൽപ്പാടം ചുണ്ടൻ മൂന്നാം സ്ഥാനത്തേക്ക് മാറിയത്. നിരണം ചുണ്ടൻ 3:36.548 മിനിറ്റിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്പ്പോൾ, വീയപുരം 3: 37.826 മിനിറ്റിലാണ് രണ്ടാമതെത്തിയത്. മേൽപ്പാടം ചുണ്ടൻ 3:40.233 മിനിറ്റിലും ഫിനിഷ് ലൈനിലേക്ക് തുഴയെറിഞ്ഞെത്തി. ചുണ്ടൻ വള്ളപ്പോരിൽ നീറ്റിലിറങ്ങിയ ഒമ്പതിൽ ഏഴ് വള്ളങ്ങളും നാല് മിനിറ്റിനുള്ളിലെ മികച്ച സമയവുമായാണ് കളം വിട്ടത്.
11 മത്സരങ്ങൾ നിറഞ്ഞ ഇത്തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ എല്ലാ ഗാംഭീര്യവും നിറച്ചാണ് കൊല്ലത്ത് ഫൈനൽ പോര് നടന്നത്. ഫൈനലിന് മുമ്പ് തന്നെ ലീഗ് കിരീടം ഉറപ്പിച്ചിരുന്ന വീയപുരത്തിന് ഇവിടെ കൂടി ജയിച്ച് കിരീടനേട്ടം അവിസ്മരണീയമാക്കാമെന്ന മോഹം നടന്നില്ല എന്ന നിരാശയുണ്ടായപ്പോൾ, നിരണം ചുണ്ടൻ കൊച്ചിയിലെ പത്താം മത്സരത്തിൽ പുറത്തെടുത്ത വമ്പ് ആവർത്തിച്ചാണ് അഷ്ടമുടി യുദ്ധം തങ്ങളുടേതാക്കിയത്.
പ്രസിഡന്റ്സ് ട്രോഫിയിൽ രണ്ടാം സ്ഥാനത്ത് ആയെങ്കിലും സി.ബി.എൽ ചാമ്പ്യന്മാരായ വീയപുരം ചുണ്ടൻ ജേതാക്കൾക്കുള്ള 25 ലക്ഷം രൂപ സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് 15 ലക്ഷവും മൂന്നാമതെത്തിയ നിരണം ബോട്ട് ക്ലബ് 10 ലക്ഷവും നേടി. ചെറുവള്ളക്കാരുടെ പോരാട്ടത്തിൽ ഇരുട്ടുകുത്തി ബി ഗ്രേഡിൽ ചെന്നിത്തല ടൗൺ ബോട്ട് ക്ലബിന്റെ ജലറാണിയും ഇരുട്ടുകുത്തി എ ഗ്രേഡിൽ ആലപ്പുഴ പള്ളിപ്പാട് ബോട്ട് ക്ലബിന്റെ പി.ജി. കർണനും വനിതകളുടെ തെക്കനോടി വള്ളപ്പോരാട്ടത്തിൽ ആലപ്പുഴ ജനത ബോട്ട് ക്ലബിന്റെ ചെല്ലിക്കാടനും വിജയികളായി.
(ടീം, പോയന്റ് ക്രമത്തിൽ)
വില്ലേജ് ബോട്ട് ക്ലബ് വീയപുരം
ചുണ്ടൻ -108
പള്ളാത്തുരുത്തി ബോട്ട് ക്ലബ്
മേൽപാടം ചുണ്ടൻ -92
നിരണം ബോട്ട് ക്ലബ് നിരണം
ചുണ്ടൻ -86
പുന്നമട ബോട്ട് ക്ലബ് നടുഭാഗം
ചുണ്ടൻ-80
ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലേ പറമ്പൻ ചുണ്ടൻ-74
കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് കാരിച്ചാൽ ചുണ്ടൻ -48
തെക്കേക്കര ബോട്ട് ക്ലബ് ചെറുതന ചുണ്ടൻ -44
കുമരകം ടൗൺ ബോട്ട് ക്ലബ്
പായിപ്പാടൻ ചുണ്ടൻ- 39
ചങ്ങനാശ്ശേരി ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടൻ -23
നിരണം ചുണ്ടൻ -3:36.548 മിനിറ്റ്
വീയപുരം ചുണ്ടൻ -3:37.826
മേൽപാടം ചുണ്ടൻ -3:40.233
നടുവിലേ പറമ്പൻ ചുണ്ടൻ-3:44.358
നടുഭാഗം ചുണ്ടൻ-3:46.338
കാരിച്ചാൽ ചുണ്ടൻ -3:48.804
ചെറുതന ചുണ്ടൻ -3:54.349
പായിപ്പാടൻ ചുണ്ടൻ-4:07.785
ചമ്പക്കുളം ചുണ്ടൻ -4:08.769
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.