സുസ്ഥിര കൊല്ലം’ പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കുന്നു
സമഗ്ര വികസനം ലക്ഷ്യമിട്ട് ‘സുസ്ഥിര കൊല്ലം’ പദ്ധതി
കൊല്ലം: പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് യഥാർഥ വികസനമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലം മണ്ഡലത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ട് സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സംയോജിത ജനകീയ വികസന പദ്ധതി ‘സുസ്ഥിര കൊല്ലം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ ലോഗോ പ്രകാശനവും കൊല്ലം തണ്ണീര്‍ത്തട അറ്റ്ലസ് പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. പദ്ധതി എട്ട് ഉപപദ്ധതികളിലൂടെയാണ് നടപ്പാക്കുന്നത്.
ജലസംരക്ഷണവും ഭൂഗര്‍ഭജല വിതാനം ഉയര്‍ത്തലും ലക്ഷ്യമിടുന്ന ‘വാട്ടര്‍ പോസിറ്റീവ് കൊല്ലം’, ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കുന്ന ‘സീറോ വേസ്റ്റ് കൊല്ലം’, പൊതുമന്ദിരങ്ങളെയും തെരുവുകളെയും ഹരിതോര്‍ജത്തിലേക്ക് മാറ്റുന്ന ‘ഊര്‍ജ കൊല്ലം’, കാര്‍ഷിക വികസനവും നഗര ഹരിതവത്കരണവും സമന്വയിപ്പിക്കുന്ന ‘ബ്ലൂ - ഗ്രീന്‍ കൊല്ലം’ എന്നിവയാണ് പ്രധാന പാരിസ്ഥിതിക ഇടപെടലുകള്‍. ജനങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യത്തിനായി സുസ്ഥിര തെരുവുകളും പാര്‍ക്കുകളും ഒരുക്കുന്ന ‘ആരോഗ്യ കൊല്ലം’, പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലൂടെ വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ‘ഗ്രീന്‍ ലൈവ്ലിഹുഡ്’, സംരംഭകത്വത്തിലൂടെയും അടിസ്ഥാന സൗകര്യവികസനത്തിലൂടെയും സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്ന ‘വനിതാ സൗഹൃദ കൊല്ലം’ എന്നീ സാമൂഹിക-സാമ്പത്തിക വികസന പദ്ധതികളും ഉള്‍പ്പെടുന്നു. മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു.
കലക്ടര്‍ ആനി ജൂല തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാര്‍ഷല്‍, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയന്, കൗണ്‍സിലര്‍ കുരുവിള ജോസഫ്, ലാന്‍ഡ് യൂസ് കമീഷണര്‍ യാസ്മിന് എല്‍. റഷീദ്, ജില്ല പ്ലാനിങ് ഓഫിസര്‍ ഉല്ലാസ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുബോധ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.