മോഷ്ടാക്കളുടെ സി.സി ടി.വി ദൃശ്യം
അഞ്ചലിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
അഞ്ചൽ: അഞ്ചലിലെ അഞ്ച് വ്യാപാരസ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നു. അഞ്ചൽ മുക്കട ജങ്ഷനിലെ ഫ്ലിക്സ് ചെരിപ്പ് കട, അഗസ്‌ത്യക്കോട് പാറവിള ജങ്ഷനിലെ ന്യൂ സുപ്രീം സൂപ്പർ മാർക്കറ്റ്, കൊച്ചുകുരുവിക്കോണത്തെ സിൽവർ സ്പൂൺ ഹോട്ടൽ, മാവിള ജങ്ഷനിലെ വഴിയോരക്കട, വളക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
സൂപ്പർ മാർക്കറ്റിന്റെ മുൻവശത്തെ ഇരുപതിനായിരത്തോളം രൂപ വിലവരുന്ന ചില്ല് വാതിൽ അടിച്ചുതകർത്താണ് മോഷ്ടാക്കർ അകത്ത് കടന്ന് പണവും സാധനങ്ങളും അപഹരിച്ചത്. പുലർച്ച പ്രഭാത സവാരി നടത്തുന്നവരാണ് ചില്ലുവാതിൽ തകർന്ന നിലയിൽ കാണുന്നത്. ഇവർ വിവരം കടയുടമയെ വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികളെടുത്തു.
സ്ഥാപനത്തിലേയും പരിസരത്തേയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രണ്ട് ബൈക്കുകളിലെത്തിയ നാല് യുവാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവർ ഉപയോഗിച്ചുന്ന ബൈക്കുകളിൽ ഒന്നിന്റെ നമ്പർ പ്ലേറ്റ് മുകളിലേക്ക് മടക്കി വെച്ച നിലയിലും മറ്റേ വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ലാത്ത നിലയിലുമാണെന്ന് പൊലീസ് കണ്ടെത്തി. ഇവർതന്നെയായിരിക്കാം മറ്റ് വ്യാപാരസ്ഥാപനങ്ങളിലും കവർച്ചനടത്തിയിട്ടുള്ളതെന്നാണ് പൊലീസിന്റെ നിഗമനം. വിരലടയാള വിദഗ്ധരുംസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഊർജിതമായ അന്വേഷണം ആരംഭിച്ചതായി അഞ്ചൽ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.