സച്ചിൻ കുമാർ, ദിനേഷ് ഷാ
സ്വർണമാല രാസലായനിയിൽ മുക്കി തൂക്കം കുറച്ച് തട്ടിപ്പ്; ബിഹാർ സ്വദേശികൾ അറസ്റ്റിൽ
കൊല്ലം: സ്വർണമാല വെളുപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് തൂക്കം കുറച്ച് തിരികെ നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ ബിഹാർ സ്വദേശികളായ രണ്ടു പേരെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ സച്ചിൻ കുമാർ, ദിനേഷ് ഷാ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ചവറ സ്വദേശിനികളായ സ്ത്രീകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പാത്രങ്ങളും പിത്തള ആഭരണങ്ങളും സ്വർണാഭരണങ്ങളും വെളുപ്പിച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം സ്ത്രീകളിൽനിന്ന് സ്വർണമാലകൾ ഊരിവാങ്ങുകയായിരുന്നു. തുടർന്ന് മാലകൾ രാസലായനിയിൽ മുക്കി തിളക്കം വരുത്തിയ ശേഷം തിരികെ നൽകി. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് മാലകൾ തൂക്കി നോക്കിയപ്പോഴാണ് തൂക്കം കുറഞ്ഞതായി കണ്ടെത്തിയത്.
10 ഗ്രാം തൂക്കമുണ്ടായിരുന്ന സ്വർണമാല തൂക്കി നോക്കിയപ്പോൾ 7 ഗ്രാമും 18 ഗ്രാം തൂക്കമുണ്ടായിരുന്ന സ്വർണമാല തൂക്കി നോക്കിയപ്പോൾ 12 ഗ്രാമും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് തട്ടിപ്പിനിരയായ സ്ത്രീകൾ ചവറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്‌പെക്ടർ ശിവലാലിന്റെ നിർദേശപ്രകാരം ചവറ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ സുജോ ജോർജ് ആന്റണി, എസ്.ഐമാരായ അഭിജിത്ത്, ഓമനക്കുട്ടൻ, എ.എസ്.ഐമാരായ സജീവ്, പ്രമോദ്, എസ്.സി.പി.ഒ യു. ശ്രീജിത്ത്, സി.പി.ഒമാരായ ശ്യാംകുമാർ, പ്രതീഷ്, പ്രശാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.