ജഡ്ജസ് വരാൻ വൈകിയതിനാൽ എച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ട മത്സാരാർഥി മേക്കപ്പ് ചെയ്ത്കാത്തിരിന്ന്
ഉറങ്ങിപ്പോയപ്പോൾ
കൊല്ലം: വൈകിയോടലിന്റെ കലോത്സവ ചരിതം ആട്ടക്കഥ കൊട്ടാരക്കരയിലും മാറ്റമില്ലാതെ തുടരുന്നതാണ് സ്റ്റേജിനങ്ങൾക്ക് തുടക്കമായപ്പോഴുള്ള കാഴ്ച. രാവിലെ മുതൽ മേക്കപ്പുമിട്ട് മണിക്കൂറുകളായി കാത്തിരിക്കുന്ന കുട്ടികൾ, ചിലർ കസേരകളിൽ ഉറക്കത്തിലേക്ക് വീഴുമ്പോഴും മത്സരം ആരംഭിക്കാതെ വൈകുന്ന കാഴ്ചയായിരുന്നു മോഹിനിയാട്ടം വേദിയിൽ. എല്ലാ വേദികളിലും പൊതുവേ മത്സരങ്ങൾ ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. മോഹിനിയാട്ടം നടന്ന അഞ്ചാം വേദിയിലും മോണോ ആക്ട്നടന്ന ഏഴാം വേദിയിലും കഠിനമായിരുന്നു കാത്തിരിപ്പ്.
തൃക്കണ്ണമംഗൽ കാർമൽ എച്ച്.എസ്.എസിൽ രാവിലെ ഒമ്പതിന് ആരംഭിക്കേണ്ടിയിരുന്ന എച്ച്.എസ്.എസ് മോഹിനിയാട്ടം തുടങ്ങിയത് ഉച്ചക്ക് രണ്ടോടെയാണ്. വിധികർത്താവിന് ഷുഗൽ ലെവൽ താഴ്ന്ന്ആരോഗ്യപ്രശ്നം വന്നതിനെ തുടർന്ന് പുതിയ ആളെ കണ്ടുപിടിക്കാനുള്ള താമസം എന്നാണ് അധികൃതർ കാരണം പറഞ്ഞത്.
ഏഴാം വേദിയായ എൽ.എം.എസ് എൽ.പി.എസിൽ എച്ച്.എസ് മോണോ ആക്ട് മൂന്ന് മണിക്കൂർ വൈകിയാണ് തുടങ്ങിയത്. ജഡ്ജിന് ദേഹാസ്വാസ്ഥ്യം എന്നതായിരുന്നു അവിടെയും കാരണം. പ്രധാന വേദിയായ കൊട്ടാരക്കര ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ രാവിലെ ഒന്നരമണിക്കൂർ വൈകിയാണ് ഭരതനാട്യം തുടങ്ങിയത്. വേദി 14 സെൻറ് ഗ്രിഗോറിയോസ് എച്ച്.എസ്.എസിൽ മൂന്നര മണിക്കൂർ വൈകിയാണ് എച്ച് .എസ് ഭരതനാട്യം ആരംഭിച്ചത്.
ഒന്നാം വേദിയിൽ വൈകിട്ട് മൂന്നിന് നടക്കേണ്ടിയിരുന്ന ഉദ്ഘാടനം നാലരയായി. തുടർന്ന് യു.പി ഭരതനാട്യം തുടങ്ങിയപ്പോൾ ആറരയായി. ഇതും രണ്ടാം വേദിയിലെ നാടകവും ഉൾപ്പെടെ പല മത്സരങ്ങളും പാതിരാത്രിയിലേക്കും നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.