കൊ​ല്ലം സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഹോ​സ്റ്റ​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സാ​ന്ദ്ര​യു​ടെ മൃ​ത​ദേ​ഹം കൊ​ല്ലം എ​സ്.​എ​ൻ ട്ര​സ്റ്റ് സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ച​പ്പോ​ൾ പൊ​ട്ടി​ക്ക​ര​യു​ന്ന സ​ഹ​പാ​ഠി​ക​ൾ

കൊല്ലം സായി പീഡന പർവമെന്ന് പരാതി; കുട്ടികളുടെ ആത്മഹത്യയിൽ ദുരൂഹത

കൊല്ലം: കേന്ദ്രകായിക മന്ത്രാലയത്തിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികൾ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നതിനിടെ സ്ഥാപന നടത്തിപ്പ് സംബന്ധിച്ചും പരാതികൾ നിരവധി. വർഷങ്ങളായി സ്ഥാപനത്തിൽ മേൽനോട്ടം വഹിക്കുന്നവർ കുട്ടികളെ മാത്രമല്ല ജീവനക്കാരെ വരെ മാനസികമായി പീഡിപ്പിക്കുന്നതായും കോവിഡ് കാലത്ത് ഒരു ജീവനക്കാരൻ ആത്മഹത്യ ചെയ്തത് ഈ പീഡനത്തിന്‍റെ ഫലമാണെന്നുമാണ് ആരോപണം.

മുമ്പ് ഇവിടെ കോച്ചായിരുന്ന പ്രമുഖ അത്ലറ്റിക് താരം ഒളിമ്പ്യൻ അനിൽകുമാർ പറയുന്ന കാര്യങ്ങൾ തന്നെ ഇതിന് ഉദാഹരണമാണ്. രവി എന്ന ജീവനക്കാരനാണ് അവിടെ ആത്മഹത്യ ചെയ്തത്. രവിയെ അദ്ദേഹത്തിന്‍റെ മകന്‍റെ മുന്നിൽ വെച്ച അപമാനിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. അന്ന് പരാതി ഉയർന്നെങ്കിലും ഒരു തരത്തിലുള്ള അന്വേഷണവും നടന്നില്ല. നിസ്സാര കാര്യങ്ങളുടെ പേരിൽ പലതവണ മെമ്മോ നൽകുകയും നിരന്തരമായ മാനസിക പീഡനം നേരിടേണ്ടി വരുകയും ചെയ്തതുമൂലമാണ് നാലു വർഷം മുമ്പ് താനും അവിടെ നിന്ന് രാജിവെച്ചതെന്ന് അനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റുകളിലൂടെയും, പൊതുസമൂഹത്തിലും കൊല്ലം സായ് സ്പോർട്സ് ഹോസ്റ്റലിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും വിദ്യാർഥികളോടും ജീവനക്കാരോടും അധികാരികൾ നടത്തുന്ന മാനസിക പീഡനങ്ങളെ കുറിച്ച് താൻ മുന്നറിയിപ്പ് നൽകുകയും സംഭവങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് തുറന്നെഴുതുകയും ചെയ്തിട്ടും ആരും മുഖവിലക്കെടുത്തില്ലെന്നും അത് മുഖവിലക്കെടുത്തിരുന്നെങ്കിൽ രാജ്യത്തിന്‍റെ ഭാവി വാഗ്ദാനങ്ങളാകുമായിരുന്ന രണ്ട് കുട്ടികൾ ഇത്തരത്തിൽ ഇല്ലാതാകുമായിരുന്നില്ലെന്നും അനിൽ കുമാർ പറയുന്നു.

ഇവിടത്തെ നോക്കുകുത്തിയായ സർക്കാറും അധികാരികളും തന്നെയാണ് ഈ കുഞ്ഞുങ്ങളുടെ ആത്മഹത്യക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉപദേശിച്ചോ കൂടുതൽ ഗുരുതര പ്രശ്നമാണങ്കിൽ രക്ഷകർത്താക്കളെ വിളിച്ചുവരുത്തി പരിഹരിക്കുകയോ ചെയ്യുന്നതിന് പകരം മറ്റ് രീതിയിലുള്ള മാനസിക പീഡനങ്ങളാണ് നടത്തിപ്പുകാർ അനുവർത്തിക്കുന്നത്. ഹോക്കിയുടെ കോച്ചായ നടത്തിപ്പുകാരൻ കേരളത്തിലെ കായിക താരങ്ങളെ പരിഗണിക്കാതെ ഉത്തരേന്ത്യയിൽ നിന്നുള്ള കുട്ടികളെയാണ് ഇവിടെ നിർത്തി പരിശീലിപ്പിക്കുന്നത്. അവരിൽ പലരും പ്രായപരിധി കഴിഞ്ഞവരുമാണ്.

കഴിഞ്ഞ ദിവസം മരിച്ച കുട്ടികളുടെ കാര്യത്തിൽ പൊതുസമൂഹത്തിന് മുന്നിൽ പറയാൻ പറ്റാത്ത കാര്യങ്ങളുണ്ട്, അത് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ വെളിപ്പെടുത്താൻ തയാറാണ് -അനിൽ വ്യക്തമാക്കി. മരിച്ച സാന്ദ്ര മികച്ച അത്ലറ്റായിരുന്നു. അമച്വർ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ മികച്ചഅത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കബഡി താരമായ വൈഷ്ണവി പങ്കാളിയായ ടീം കല്ലുവാതുക്കലിൽ നടന്ന ടൂർണമെന്‍റിൽ വിജയിച്ച ദിവസം രാത്രിയാണ് ആ കുട്ടി ജീവനൊടുക്കിയത്.

Tags:    
News Summary - Kollam Sai alleges sexual abuse; Mystery surrounds children's suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.