കൊല്ലം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ അധികാരികളെ തലകുനിപ്പിക്കുന്ന നിലയിൽ തുടരുന്ന അനധികൃത കച്ചവടക്കാർക്കെതിരെ കർശനനടപടിയെടുക്കാനുള്ള തീരുമാനവുമായി കോർപറേഷൻ. ആയിരങ്ങളെത്തുന്ന ടൂറിസം കേന്ദ്രമായ കൊല്ലം ബീച്ചിൽ മണൽപരപ്പ് കൈയടക്കി കച്ചവടം നടത്തുന്നവർക്കെതിരെയും ചിന്നക്കടയിൽ റോഡിന്റെ മധ്യഭാഗംവരെ കസേരകൾ നിരത്തി കച്ചവടം നടത്തുന്നവർക്കെതിരെയും മുഖംനോക്കാതെയുള്ള നടപടി ഉടൻ ഉണ്ടാകുമെന്ന് മേയർ എ.കെ. ഹഫീസ് കൗൺസിൽ യോഗത്തിൽ പറഞ്ഞു. മേയ് ആറിനകം ബീച്ചിലെ മണൽപരപ്പിൽ കച്ചവടം നടത്തുന്നവരെ മുഴുവൻ ഒഴിപ്പിക്കും. ആരെയും മണൽപരപ്പിൽ കച്ചവടത്തിനിറങ്ങാൻ അനുവദിക്കില്ല. നിലവിൽ കച്ചവടതട്ടുകൾ ദിവസവാടകക്ക് പോലും കൊടുക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. ചിന്നക്കടയിലും റെസ്റ്റ് ഹൗസിന് എതിർവശത്തായി അധികാരികളെ മണ്ടന്മാരാക്കുന്ന തരത്തിൽ റോഡിൽ 50-60 കസേരകൾ നിരത്തി കച്ചവടം തുടരുകയാണ്. ഇത് ഒഴിപ്പിക്കാൻ കൗൺസിലർമാർ എല്ലാംകൂട്ടായി ചേർന്ന് തീരുമാനം എടുക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ ഡെസ്കിലടിച്ച് തീരുമാനത്തിന് പിന്തുണയറിയിച്ചു. ബീച്ചിൽ സ്വസ്ഥമായി ഇരിക്കാൻ പറ്റുന്നില്ലെന്ന പരാതിക്കും വൃത്തിഹീനമായി കിടക്കുന്നതിനും മാറ്റം വേണമെന്ന് സ്ഥിരംസമിതി അധ്യക്ഷൻ എം.എസ്. ഗോപകുമാറും ആവശ്യമുയർത്തി. മഴക്കാല പൂർവ ശുചീകരണം, കുടിവെള്ളം, തെരുവ് വിളക്ക് ഉൾപ്പെടെ വിഷയങ്ങൾ അംഗങ്ങൾ ഉന്നയിച്ചു. ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ, സ്ഥിരംസമിതി അധ്യക്ഷരായ വിൻസി ബൈജു, ബി. അജിത് കുമാർ, എം. രാജശ്രീ, കൗൺസിലർമാരായ എ.എം. റാഫി, ബി. പ്രശാന്ത്, എ. നിസാര്‍, എ.എം. മുസ്തഫ, മഷ്ഹൂർ പള്ളിമുക്ക്, സേവ്യർ മത്യാസ്, പി.ജെ. രാജേന്ദ്രൻ, ബി. ഷൈലജ അജിത്ത് ചോഴത്തില്‍, രഞ്ജിത്ത് കലുങ്കുമുഖം എന്നിവർ സംസാരിച്ചു.
കോർപറേഷനിൽ ജീവനക്കാർ പഠിച്ചതേപാടൂ എന്ന നിലപാടിൽ തുടരുകയാണെന്ന് മേയർ കൗൺസിൽ യോഗത്തിൽ പറഞ്ഞു. അടിയന്തരനടപടി ആവശ്യപ്പെടുന്ന തീരുമാനങ്ങൾ പോലും വെച്ചുനീട്ടുകയാണ്. നഗരത്തിലെ ഡിവൈഡറുകളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ മാറ്റാൻ നിർദേശിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടന്നില്ല. അതോടെ പരസ്യബോർഡുകൾ സ്ഥാപിച്ച കമ്പനി കോടതിയിൽ പോയി സ്റ്റേ വാങ്ങി. അതിനെതിരെ കോർപറേഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്. സിവിൽ കോടതിയിൽ പോകാനും കേസ് നീട്ടിക്കൊണ്ട് പോകാനും കമ്പനി ശ്രമിക്കുന്നുണ്ട്. അതിനെതിരെ കവിയറ്റ് ഫയൽ ചെയ്യാൻ നിർദേശം നൽകിയിരിക്കുകയാണെന്നും മേയർ വിശദീകരിച്ചു. ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം കോർപറേഷനിൽ പലവിധ പ്രശ്നങ്ങൾ നേരിടുകയാണ്. പല പദ്ധതികളുടെയും ഫയലുകൾ പോലും കാണാനില്ല. പല ഉദ്യോഗസ്ഥർക്കും ജോലിദിനം ആരംഭിക്കുന്നത് രാവിലെ 11നാണെന്നും മേയർ കുറ്റപ്പെടുത്തി. പദ്ധതികൾ മുന്നോട്ട് നീക്കാതെ ഉദ്യോഗസ്ഥർ തട്ടിയും മുട്ടിയും പോകുന്നത് പരിശോധിക്കണമെന്ന് സ്ഥിരംസമിതി അധ്യക്ഷൻ കുരുവിള ജോസഫ് പറഞ്ഞു.
നഗരത്തിൽ കുടിവെള്ളം മതിയായ അളവിൽ കിട്ടാനില്ലാത്തതിന്റെ ദുരിതം ഉന്നയിക്കുന്ന തിരക്കിലായിരുന്നു കൗൺസിലർമാർ. കുടിവെള്ളം കിട്ടാക്കനിയാണെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സി. ബാബുവും കുടിവെള്ള വിഷയത്തിൽ വാട്ടര്‍ അതോറിറ്റിയുടെ അതേ നിസ്സംഗതയാണ് കോര്‍പറേഷനുള്ളതെന്നും ഏതാനും ടാങ്കറുകളിൽ കുടിവെള്ളമെത്തിച്ചാല്‍ പ്രശ്നം രൂക്ഷമായ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിൽ പരിഹാരം കാണാനാകുമോ എന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി. ഗിരീഷും പറഞ്ഞു. കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാ ഡിവിഷനിലും വെള്ളം എത്തിക്കുന്നുണ്ടെന്ന് സ്ഥിരംസമിതി അധ്യക്ഷൻ എ. സദക്കത്ത് പറഞ്ഞു. നഗരത്തിലെ കുടിവെള്ള പ്രശ്നം രൂക്ഷമാണെന്നത് ശരിയാണെന്ന് സമ്മതിച്ച മേയർ, ആവശ്യമുയരുന്നതനുസരിച്ച് മണിക്കൂറുകൾക്കകം വെള്ളം എത്തിക്കാൻ ശ്രമിക്കുന്നതായി പറഞ്ഞു.
ശുചീകരണത്തിന്റെ ഭാഗമായി ഓടകളിൽനിന്ന് വാരുന്ന മണ്ണ് കടത്തുന്നതില്‍ അഴിമതി ഉണ്ടെന്ന ആരോപണമുയർത്തി എൽ.ഡി.എഫ്. ഓടയില്‍നിന്ന് വാരുന്ന മണ്ണ് കോർപറേഷന്റെ ലോറികൾ ഉപയോഗിച്ച് സ്വകാര്യ വ്യക്തികളുടെ തണ്ണീര്‍ത്തടത്തിൽ കൊണ്ടിട്ട് നികത്തുകയാണെന്നും ഇതിന് പിന്നില്‍ അഴിമതിയാണെന്നുമാണ് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സി. ബാബു ആരോപിച്ചത്. എന്നാൽ, മാലിന്യം നിറഞ്ഞ മണ്ണ് നിക്ഷേപിക്കാൻ ഒരിടത്തും സ്ഥലം ഇല്ലാത്ത സ്ഥിതിയാണെന്ന് എ. സദക്കത്തും മേയറും ചൂണ്ടിക്കാട്ടി. ആ സാഹചര്യത്തിൽ സ്വകാര്യസ്ഥലം നൽകുന്നത് സ്വാഗതം ചെയ്യണമെന്ന് മേയർ പറഞ്ഞു. മണ്ണെടുക്കുന്നതും ഇടുന്നതും സംബന്ധിച്ച് എല്ലാ ഡിവിഷനിലും പ്രശ്നമുണ്ടെന്നും എല്ലാവരും ചേർന്ന് ഇതിനായി സ്ഥലം കണ്ടെത്തണമെന്നും എ. സദക്കത്ത് പറഞ്ഞു.
കൊല്ലം നഗരത്തിൽ ഒരുദിവസത്തെ മുഴുവൻ ഭക്ഷണവും 50 രൂപക്ക് ലഭ്യമാക്കുന്ന തരത്തിൽ കൊച്ചിയിലെ ‘ഇന്ദിര കാന്റീൻ’ മോഡൽ ആരംഭിക്കുമെന്ന് മേയർ പറഞ്ഞു. ഇതിനായി നഗരത്തിൽ പ്രധാന സ്ഥലം കണ്ടെത്തണം.ഇല്ലെങ്കിൽ കോർപറേഷൻ കാന്റീനോട് ചേർന്നായാലും പദ്ധതി നടപ്പാക്കും. മഴക്കാല പൂർവ ശുചീകരണത്തിന് പുതിയ തൊഴിലാളികളെ എടുക്കുമെന്ന് മേയർ അറിയിച്ചു. വേനൽക്കാലത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ നിലവിലെ ശുചീകരണ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കും.രാവിലെ 5 മുതൽ 11 വരെ ശുചീകരണം നടത്താനാണ് നിർദേശം. വേനൽക്കാല സമയ മാറ്റം വിജയകരമാകുമെങ്കിൽ അക്കാര്യം ഉൾപ്പെടെ പരിശോധിക്കുമെന്ന് മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.