കൊല്ലം: കുലശേഖരപുരം മാമ്പഴശ്ശേരി ജങ്ഷൻ മുതൽ മാരൂർത്താഴവയൽ വരെയുള്ള പഞ്ചായത്ത് നടവഴി കൈയേറിയെന്ന പരാതിയിൽ പഞ്ചായത്ത് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം വി. ഗീത കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കുലശേഖരപുരം പഞ്ചായത്തിലെ 19-ാം വാർഡിലുള്ള തോട് പുറമ്പോക്കിൽ 1995ൽ ജില്ല പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച നാലു മീറ്ററോളം വരുന്ന നടവഴി പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും ചേർന്ന് കെട്ടിയടച്ചെന്നാണ് പരാതി.
ഇതിനെതിരെ പഞ്ചായത്തിലും വില്ലേജ് ഓഫീസിലും പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിക്കുന്നതിനായി ഭൂരേഖ തഹസിൽദാർക്ക് കത്ത് നൽകിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെകുറിച്ച് അറിയിക്കാനാണ് കമീഷൻ നിർദ്ദേശം നൽകിയത്. ആദിനാട് തെക്ക് സ്വദേശി രാഘവൻപിള്ള സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.