വീടിനകം തുരന്ന് പാമ്പിനെ കണ്ടെത്താൻ ശ്രമിക്കുന്നു
പത്തനാപുരം: ഉറങ്ങിക്കിടന്ന പെൺകുട്ടിക്ക് അർധരാത്രി പാമ്പിന്റെ കടിയേറ്റു. വീടിനുള്ളിലെ മാളത്തിലൊളിച്ച പാമ്പിനെ കണ്ടെത്താനായില്ല. പിടവൂർ മൂലംകോട് രാജേഷ് ഭവനിൽ രേവതി(15)ക്കാണ് പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പുനലൂർ താലൂക്കാശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച രാത്രി 2.30ഓടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന രേവതിയുടെ മുകളിലേക്ക് വീടിന്റെ ഉത്തരത്തിൽനിന്ന് പാമ്പും എലിയും വീണു. എലിശല്യം കാരണം രാത്രി ലൈറ്റിട്ടാണ് ഉറങ്ങാറുള്ളതെന്ന് രേവതി പറഞ്ഞു. ഞെട്ടിയുണർന്ന രേവതി പുതപ്പ് മാറ്റുന്നതിനിടെ പാമ്പിനെ കണ്ട് ഞെട്ടി നിലവിളിച്ചു. തട്ടി മാറ്റുന്നതിനിടെ പാമ്പ് പത്തിവിടർത്തി. കാലിൽ മുറിവേറ്റ പാട് കണ്ടിരുന്നെങ്കിലും എലി കടിച്ചതാകാമെന്നാണ് കരുതിയിരുന്നത്. പിന്നീട് തല ചുറ്റലും കാൽ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പാമ്പിനെ കണ്ടിരുന്നു. ആദ്യം മുറിക്കുള്ളിലെ അലമാരയുടെ കീഴിലേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പ്, പിന്നീട് വീടിന്റെ ഭിത്തിയോട് ചേർന്നുള്ള മാളത്തിലൊളിച്ചു. വിവരം വനപാലകസംഘത്തെ അറിയിച്ചെങ്കിലും മാളത്തിൽ ഒളിച്ചതിനാൽ പാമ്പിനെ പിടിക്കാനാകാതെ അവർ മടങ്ങി. ഇതിനു മുമ്പും വീടിനുള്ളിൽ പാമ്പിൻ കുഞ്ഞിനെ കണ്ടിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.