ചിന്നരാമു
കുളത്തൂപ്പുഴ: ആര്‍.പി.എല്‍ എസ്റ്റേറ്റ് ലയത്തിനുളളിൽ ദിവസങ്ങൾ പഴക്കമുള്ള നിലയിൽ വൃദ്ധമാതാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന മകൻ പൊലീസ് നിരീക്ഷണത്തില്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകനൊപ്പം താമസിച്ചിരുന്ന വൃദ്ധമാതാവ് കുളത്തൂപ്പുഴ കൂവക്കാട് ആർ.പി.എൽ രണ്ട് എഫ് സങ്കേതത്തിൽ ചിന്നരാമു(95) വിനെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുദിവസം മുമ്പ് ചിന്നരാമു മരിച്ചതായാണ് പൊലീസിന്‍റെ നിഗമനം.
അതേസമയം, ഒപ്പമുണ്ടായിരുന്ന മകന്‍ കൃഷ്ണസ്വാമി(55) ഈ ദിവസങ്ങളിലത്രയും മരണ വിവരം പുറത്ത് പറയാതെ അയൽവാസികളെയോ ബന്ധുക്കളെയോ അറിയിക്കാതെ വീട്ടിനുള്ളിൽ പൂജാകര്‍മ്മങ്ങള്‍ നടത്തി വരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ഏറെനാളായി ചിന്നരാമു മകനൊപ്പമാണ് കഴിഞ്ഞുവന്നിരുന്നത്. ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന കൃഷ്ണസ്വാമി സമീപവാസികളുമായി ബന്ധങ്ങളൊന്നും പുലർത്തിയിരുന്നില്ല.
വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ അകലെ സാംനഗറിൽ താമസിക്കുന്ന കൊച്ചുമകളെ വരുത്തിയപ്പോഴാണ് വൃദ്ധമാതാവിനെ മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം പാരിപ്പളളി മെഡിക്കല്‍ കോളേജിലെത്തിച്ചു പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമെ മാരണകാരണം വ്യക്തമാകുകയുളളൂ. ചിന്നരാമുവിനു കാര്യമായ അസുഖങ്ങളില്ലായിരുന്നുവെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നുണ്ട്. ചിന്നരാമു പെട്ടെന്ന് മരിക്കാനിടയായ സാഹചര്യം സംബന്ധിച്ച് ദുരൂഹതയുണ്ട്. അതേ സമയം, മരണവിവരം യഥാസമയം പുറത്താരെയും അറിയിക്കാതെ മറച്ച് വച്ച് ജീർണിക്കാനിടയാക്കിയത് മൃതദേഹത്തോട് കാട്ടിയ അനാദരവാണെന്നും ഇതിന്‍റെ കാരണം കണ്ടെത്തുന്നതിനുമായി കുളത്തൂപ്പുഴ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.