‘പോഷൻ മാ’ സംസ്ഥാനതല ഉദ്ഘാടനത്തിന് മന്ത്രി ബിന്ദുകൃഷ്ണ എത്തിയപ്പോൾ വൈകിയതിനെ കുറിച്ച് തിരക്കുന്ന പള്ളിത്തോട്ടം അംഗൻവാടി വിദ്യാർഥി ജുവാൻ
കുട്ടികളുടെ ആരോഗ്യസംരക്ഷണം സര്‍ക്കാറിന്റെ മുഖ്യപരിഗണന: മന്ത്രി
കൊല്ലം: അംഗൻവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സര്‍ക്കാറിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും ദേശീയ പോഷകാഹാര മാസാചരണമായ ‘പോഷണ്‍ മാ’യുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് അംഗൻവാടി കുട്ടികള്‍ക്കായി ‘ബാല്യസ്പന്ദനം’ ത്രൈമാസ ആരോഗ്യ പരിശോധന സംഘടിപ്പിക്കുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവ്, വിളര്‍ച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ പ്രാരംഭഘട്ടത്തിൽതന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.
ശ്രദ്ധേയമായി ‘പോഷണ്‍ മാ ‘നമ്മുടെ അംഗൻവാടി, നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ പോഷണ്‍ മാഹ് ആചരിക്കുന്നത്. കുട്ടികളുടെ ജീവിതത്തിലെ ആദ്യ 1,000 ദിനങ്ങള്‍ ശാരീരിക-മാനസിക വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ഈ കാലയളവിലെ വിളര്‍ച്ച, ജനനസമയത്തെ ഭാരക്കുറവ് എന്നിവ പരിഹരിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകള്‍ നടത്തും. ഇലക്കറികള്‍, പച്ചക്കറികള്‍, മുട്ട, പാല്, ചെറുധാന്യങ്ങള്‍ എന്നിവ ഉറപ്പാക്കി ഭക്ഷണക്രമം മെച്ചപ്പെടുത്തുക, അംഗൻവാടികളില്‍ വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ചൂടുഭക്ഷണം വിതരണം ചെയ്യുക, അംഗൻവാടികളുടെ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശീയ കൂട്ടായ്മകളെ സജീവമാക്കുക, മാതൃവന്ദന യോജന വഴി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സമഗ്ര പരിചരണം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
സംസ്ഥാനത്തെ 33,120 അംഗൻവാടികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം ജി. സരസ്വതി, ഡി.എം.ഒ എ.എല്‍. ഷീജ, എ.ഡി.എം എസ്. സജീദ്, ജോ. ഡയറക്ടര്‍ എസ്.എന്‍. ശിവന്യ, അസി. ഡയറക്ടര്‍ എല്‍. ഷീബ എന്നിവര്‍ പങ്കെടുത്തു.
എന്താ മന്ത്രി താമസിച്ചേ?
കൊല്ലം: ‘എന്താ മന്ത്രി താമസിച്ചേ’-പോഷൻ മാ സംസ്ഥാനതല ഉദ്ഘാടനം നടത്താൻ ജില്ല പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ എത്തിയ മന്ത്രി ബിന്ദു കൃഷ്ണ വേദിയിലേക്ക് കയറുംമുമ്പ് ആണ് ആ കുഞ്ഞുവലിയ ചോദ്യം നേരിട്ടത്. വേദിക്ക് താഴെ മുൻനിരയിൽ നിന്ന ‘അംഗൻവാടി ടീമിൽ’ നിന്ന് ആണ് ചോദ്യമെത്തിയത്. 11.30ന് നടക്കേണ്ടിയിരുന്ന പരിപാടിക്ക് 12.30ഓടെയാണ് മന്ത്രി എത്തിയത്. മണിക്കൂറിന് മുകളിലായി കാത്തിരുന്നു മുഷിഞ്ഞ കുട്ടിക്കൂട്ടത്തിൽനിന്ന് പള്ളിത്തോട്ടം അംഗൻവാടി വിദ്യാർഥി ജുവാൻ ആയിരുന്നു മന്ത്രിയോട് വൈകിയതിന്റെ കാരണം ചോദിച്ചത്. മോനേ, ട്രെയിൻ വൈകിപ്പോയി എന്ന് മറുപടി നൽകി, വിശേഷം തിരക്കിയതിനു ശേഷമാണ് മന്ത്രി ഉദ്ഘാടനത്തിന് വേദിയിലേക്ക് കയറിയത്. പ്രസംഗത്തിനിടയിലും അംഗൻവാടിക്കാരന്റെ ചോദ്യം മന്ത്രി എടുത്തുപറഞ്ഞു. ഇതുപോലെ ചോദ്യം ചോദിക്കുന്ന കുട്ടികൾ വളർന്നുവരണം എന്നായിരുന്നു മന്ത്രിയുടെ പ്രശംസ. കൊല്ലത്ത് പരിപാടികൾ നിശ്ചയിച്ചാൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വരവ് മണിക്കൂറുകൾ വൈകിയായിരിക്കും എന്നതാണ് ഇപ്പോൾ പതിവ്. കഴിഞ്ഞ ദിവസം കാർഷികമേള ഉദ്ഘാടനത്തിന് മന്ത്രി ടി. സിദ്ദീഖ് നാല് മണിക്കൂറോളം വൈകിയാണ് എത്തിയത്. ആഴ്ചകൾക്ക് മുമ്പ് ബഡ്സ് സ്കൂൾ കോൺക്ലേവിന് മന്ത്രി കെ.എം. ഷാജി എത്തിയതും ഒരു മണിക്കൂറിലധികം വൈകി. കുട്ടികൾ ഉൾപ്പെടെ മണിക്കൂറുകളോളം കാത്തിരിക്കുന്ന വേദികളിൽ ആണ് ഇത്തരത്തിൽ വി.ഐ.പികളുടെ വൈകൽ പതിവാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.