വാളക്കോട് പുതിയ റെയിൽവേ മേൽപാലം നിർമിക്കുന്നതിന്റെ ഭാഗമായുള്ള സർവേ നടപടി
വാളക്കോട് റെയിൽവേ മേൽപാലം: സ്ഥല പരിശോധന നടത്തി
പുനലൂർ: ദേശീയപാത 744 വാളക്കോട് റെയിൽവേ മേൽപാലത്തിന് പകരമായി പുതിയ പാലം നിർമിക്കുന്നതിന് മുന്നോടിയായി സ്ഥലം പരിശോധനയും സർവേയും നടത്തി. റെയിൽവേ, റവന്യൂ, സർവേ വിഭാഗം അധികൃതരാണ് സ്ഥലത്ത് എത്തി പരിശോധന പൂർത്തിയാക്കിയത്. ഇവിടെ പാലം നിർമിക്കാൻ ജനറല്‍ അലൈന്മെന്റ് ആൻഡ് ഡ്രായിങ്ങിന് (ജി.എ.ഡി) ദക്ഷിണ റെയില്‍വേയുടെ അനുമതി അടുത്തിടെ ലഭിച്ചിരുന്നു.
റെയിൽവേ അനുമതി നൽകിയതോടെയാണ് നടപടി ആരംഭിച്ചത്. കുറഞ്ഞത് അഞ്ചു സെന്റോളം പട്ടയഭൂമി പാലത്തിനായി ഏറ്റെടുക്കേണ്ടിവരും. ബാക്കി ദേശീയപാതയുടേയും റെയിൽവേയുടെയും പുറംപോക്ക് ഭൂമിയായി വരുന്നതാണ്. സ്ഥല പരിശോധനയും സർവേയുടെയും റിപ്പോർട്ട് ബന്ധപ്പെട്ട അധികൃതർക്ക് നൽകി തീരുമാനമായതിനുശേഷം മറ്റ് നടപടികൾ ഉണ്ടാകും. കാലതാമസം ഇല്ലാതെ പാലം നിർമിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
29.5 മീറ്റര്‍ നീളത്തിലും 8.25 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിന്റെ രൂപകൽപന. 5.5 മീറ്റര്‍ വീതി വാഹനഗതാഗതത്തിനും, 1.5 മീറ്റര്‍ കാല്നടയ്ക്കുമായാണ്. അവശേഷിക്കുന്ന ഭാഗം റയിലിങ് ക്രാഷ് ബാരിയര്‍ എന്നിവ നിര്‍മിക്കും. പുതിയ രൂപകല്പന അനുസരിച്ച് പാലത്തിന് നിര്‍മാണ ചെലവ് ആറു മുതല്‍ ഏഴു കോടി രൂപയാണ്. നിര്‍മാണ ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാറാണ് വഹിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല ഏജന്‍സി സംബന്ധിച്ച് സംയുക്ത ചര്‍ച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും.
സ്ഥല പരിശോധനയുടെ ഭാഗമായി സി. അജയപ്രസാദ് എം.എൽ.എ, നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.