വാഹനങ്ങൾക്കിടയിൽ സ്കൂട്ടർ കുടുങ്ങി യാത്രക്കാരിയുടെ കാൽ അറ്റു
പറവൂർ: നഗരത്തിൽ നിർത്തിയിട്ടിരുന്ന ബസിനും ടോറസ് ലോറിക്കിടയിലും കുടുങ്ങി ഇരുചക്ര വാഹന യാത്രക്കാരിയായ യുവതിയുടെ കാൽ അറ്റു.
ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടിൽ കെ.യു. പ്രിയങ്ക (35)ക്കാണ് വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് നഗരത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റത്. കോഴിക്കോട് ആസ്ഥാനമായ ബാരിടോൺ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രിയങ്ക ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് സ്കൂട്ടറിൽ എത്തിയത്.
ബസ് സ്റ്റാൻഡിൽ നിന്ന് ഏഴിക്കരയിലേക്ക് പോകുന്ന ‘അഞ്ജലി’ എന്ന ബസ് റോഡിൽ നിർത്തി ആളെ കയറ്റുന്നതിനിടെ അതേ ദിശയിൽ വന്ന യുവതിയുടെ സ്കൂട്ടറിനെ മറികടന്നെത്തിയ ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.
അമിത വേഗതയിലെത്തിയ ടോറസിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ബസിന്റെ മുൻ ചക്രത്തിനടിയിലേക്കും യുവതി ടോറസിനടിയിലേക്കും തെറിച്ചു വീഴുകയായിരുന്നു. പ്രിയങ്കയുടെ വലതുകാലിൽ ടോറസിന്റെ ടയർ കയറിയിറങ്ങി.
വലതുകാലിന്റെ പാദത്തിന് മുകളിൽ നിന്ന് അറ്റ നിലയിലായിരുന്ന പ്രിയങ്കയെ ആദ്യം താലൂക്ക് ഗവ.ആശുപത്രിയിലും തുടർന്ന് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
അപകടം അധികൃതരുടെ അനാസ്ഥമൂലമെന്ന് ആക്ഷേപം
പറവൂർ: നിർത്തിയിട്ടിരുന്ന ബസിനും ടോറസ് ലോറിക്കിടയിലും കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരി പ്രിയങ്ക (35) യുടെ കാൽ അറ്റുപോയത് ടോറസ് ലോറിക്കാരന്റെ അനാസ്ഥ കാരണമാണന്ന് നാട്ടുകാർ. ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടിൽ കെ.യു. പ്രിയങ്കയുടെ വലതുകാലിന് ഗുരുതര പരിക്കേൽക്കാൻ ഇടയായ അപകടത്തിന് കാരണം ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
മിനി സിവിൽ സ്റ്റേഷന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാത്രമാണ് ആളെ ഇറക്കാനും കയറ്റാനും അനുവാദമുള്ളത്. താരതമേന്യ വീതി കുറഞ്ഞ ഇവിടെ ഗതാഗതക്കുരുക്ക് പതിവായപ്പോഴാണ് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി ചേർന്ന് സ്വകാര്യ ബസുകൾക്ക് സ്റ്റോപ്പ് നിഷേധിച്ചത്. എന്നാൽ കുറച്ച് ദിവസം തിരക്കുള്ള സമയങ്ങളിൽ ഇവിടെ പൊലീസിനെ നിയോഗിച്ച് തീരുമാനം നടപ്പാക്കിയിരുന്നു.
നഗരസഭയും പൊലീസും ഇക്കാര്യത്തിൽ അനാസ്ഥ കാണിച്ചതോടെ സ്റ്റാൻഡിൽ നിന്നിറങ്ങുന്ന സ്വകാര്യ ബസുകൾ ഇവിടെ നിർത്തി ആളുകളെ കയറ്റാൻ തുടങ്ങി. ഇത് അപകടത്തിന് കാരണമായി. പകൽ ടോറസ് പോലുള്ള ഭാരവാഹനങ്ങൾക്ക് നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തി ഇവർ ചീറിപ്പായുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.