സി.സി.ടി.വിയിൽ കണ്ടത് പുലിയെന്ന് സംശയം; കാട്ടുപൂച്ചയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ

ഓയൂർ: പൂയപ്പള്ളി ഓട്ടുമലയിൽ പുലിയുടെ രൂപസാദൃശ്യമുള്ള മൃഗത്തിന്‍റെ സി.സി.ടി.വി ദൃശ്യം കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ. എന്നാൽ, പുലിയല്ല കാട്ടുപൂച്ചയാണെന്ന് സംശയിക്കുന്നതായി സ്ഥലം സന്ദർശിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

പൂയപ്പള്ളി പഞ്ചായത്തിലെ ഓട്ടുമല എം.ആർ ക്രഷർ യൂനിറ്റിന്‍റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറയിലാണ് പുലിയുടെ രൂപസാദൃശ്യമുള്ള വന്യജീവിയുടെ ദൃശ്യങ്ങൾ കണ്ടത്. കഴിഞ്ഞ 13ലെ ദൃശ്യത്തിലാണ് മൃഗത്തെ കണ്ടത്. തുടർന്ന് പൂയപ്പള്ളി പൊലീസിൽ വിവരമറിയിച്ച് ദൃശ്യങ്ങൾ കൈമാറി.

പൊലീസ് ദൃശ്യങ്ങൾ അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് നൽകി. ദൃശ്യങ്ങൾ പരിശോധിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജീവിയുടെ വാൽ കണ്ടിട്ട് കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്ന് പറഞ്ഞിരുന്നു. ഇതിനിടെ നാട്ടുകാരിൽ ചിലർ തലയില്ലാത്ത നായ്ക്കളുടെ ഉടലുകൾ പ്രദേശത്ത് കണ്ടെത്തിയെന്നും ചില നായ്ക്കളുടെ പുറംപൊളിഞ്ഞിരിക്കുന്നതായി കണ്ടെന്നുമുള്ള അവകാശവാദവുമായി രംഗത്തെത്തി.

വിവരമറിഞ്ഞ് ഞായറാഴ്ച ജി.എസ്. ജയലാൽ എം.എൽ.എ, പൂയപ്പള്ളി, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജെസിറോയി, എം. അൻസർ എന്നിവർ സ്ഥലം സന്ദർശിച്ചു.

അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.എസ്. സജുവിന്‍റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആർ.ആർ ടീം അംഗങ്ങളും സ്ഥലത്തെത്തി വിദഗ്ദ്ധ പരിശോധന നടത്തിയെങ്കിലും മൂന്ന് നാല് ദിവസങ്ങളിൽ വന്യജീവിയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്താനായില്ല.

ക്രഷർ യൂനിറ്റിലെ മറ്റ് കാമറകളിലൊന്നും ജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. വരുംദിവസങ്ങളിൽ പ്രദേശത്ത് റാപ്പിഡ് ഫോഴ്സിന്‍റെ നിരീക്ഷണം വർധിപ്പിക്കുമെന്നും കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു. വന്യജീവിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കും. വനത്തിൽ നിന്നും നിരവധി കിലോമീറ്റർ താണ്ടി പൂയപ്പള്ളി ഓട്ടുമല വരെ പുലി എത്താനുള്ള സാധ്യത വളരെ കുറവാണ്.

കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നതിനാൽ ജനങ്ങൾക്ക് ഭയമോ ആശങ്കപ്പെടേണ്ട സാഹചര്യമോ ഇല്ലെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ സജു പറഞ്ഞു.

ഫോറസ്റ്റ് ഓഫിസർമാരായ ആർ. രാജേഷ്, സി. അനിൽകുമാർ, ബീറ്റ് സെക്ഷൻ ഓഫിസർ ബിജുകുമാർ, അസിസ്റ്റന്‍റുമാരായ ജസ്റ്റിൽ, ബോബൻ എന്നീ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പൂയപ്പള്ളി എസ്.ഐ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പരിശോധന നടത്തിയിരുന്നു.

Tags:    
News Summary - Doubt that tiger seen on CCTV; Forest department officials called it a wild cat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.