റോഡ് നിർമാണം നീളുന്നു: ജനം ദുരിതത്തിൽ

കൊട്ടിയം: റെയിൽവേ മേൽപ്പാലവും ഉയരപ്പാതയും നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കല്ലുംതാഴത്ത് റോഡ് അടച്ചിട്ട് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനെ തുടർന്ന് ജനം ദുരിതത്തിൽ. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി റോഡ് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

പുതുതായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ കല്ലുംതാഴത്ത് റെയിൽവേ ലൈനിന് മുകളിൽ ആർച്ച് പാലവും ഉയരപ്പാതയും മേൽപ്പാലവുമായി ബന്ധിപ്പിക്കുന്ന റോഡും നിർമിക്കുന്നതിന് വേണ്ടിയാണ് രണ്ടുമാസം മുമ്പ് കല്ലുംതാഴത്ത് ദേശീയപാത അടച്ചിട്ടത്. ഒരുമാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കും എന്നായിരുന്നു ജില്ല ഭരണകൂടം അടക്കമുള്ള അധികൃതർ പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാൽ, റോഡ് അടച്ച് രണ്ടു മാസം കഴിഞ്ഞിട്ടും ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇതുവഴി പോകേണ്ട വാഹനങ്ങൾക്ക് ബദൽ സംവിധാനം ഒരുക്കിയിരുന്നത് പുളിയത്തുമുക്ക് കല്ലുംതാഴം റോഡ് വഴിയാണ്. ഈ റോഡിലുള്ള റെയിൽവെ ഗേറ്റ് മണിക്കൂറുകളോളം അടച്ചിടുന്നതാണ് ജനത്തെ വലയ്ക്കുന്നത്. ഗേറ്റ് അടയ്ക്കുമ്പോൾ കൊല്ലം-തിരുമംഗലം റോഡിൽ കോയിക്കൽ പാലക്കടവ് വരെയും പുളിയത്തു മുക്കിനടുത്തുള്ള ഈഴ പാലം വരെയും വാഹനങ്ങളുടെ നീണ്ടനിരയാണ്. ഗേറ്റ് തുറന്നാൽ കുറച്ചു വാഹനങ്ങൾ പോകുമ്പോൾ വീണ്ടും അടയ്ക്കുകയാണ്.

ചെങ്കോട്ട ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കുമുള്ള ട്രെയിനുകൾ ഇതുവഴിയാണ് കടന്നു പോകുന്നത്. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അയത്തിൽ നിസാം ആവശ്യപ്പെട്ടു.

റോഡ് അടച്ചതോടെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും എൻ.എസ് സഹകരണ ആശുപത്രി, അഷ്ടമുടി ആശുപത്രി, യൂനുസ് എൻജിനീയറിങ് കോളജ്, കൂനമ്പായിക്കുളം ക്ഷേത്രം, ഭാരത രാജ്ഞിപള്ളി, അയത്തിൽ മുഹിയിദ്ദീൻ പള്ളി എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ ഏറെ വലയുകയാണ്. വിഷയത്തിൽ കലക്ടർ ഇടപെടണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Delayed Road Construction: Public Left in Distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.