ആശ്രാമത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കസ്റ്റോഡിയൽ ഫെസിലിറ്റേഷൻ സെന്റർ
കൊല്ലം: പൊലീസിന്റെ കസ്റ്റഡി മാനേജ്മെന്റ് കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെ ആശ്രാമത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ കസ്റ്റോഡിയൽ ഫെസിലിറ്റേഷൻ സെന്റർ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
പൊലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികളെയും കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങുന്ന പ്രതികളെയും പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പിൽ സംരക്ഷിക്കുന്ന സ്ഥിതിയാണ് നിലവിൽ. പലപ്പോഴും പൊലീസിനെതിരെ കസ്റ്റഡി അക്രമം, മനുഷ്യാവകാശ ലംഘനങ്ങൾ, നിയമവിരുദ്ധ തടങ്കൽ എന്നിവക്ക് കാരണമാകുന്നു. ഈ സാഹചര്യങ്ങൾ ഇല്ലാതാക്കാനാണ് കസ്റ്റോഡിയൽ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.
മനുഷ്യാവകാശങ്ങൾ സംരക്ഷിച്ച് തികച്ചും ശാസ്ത്രീയമായി ആരോപണവിധേയരെ ചോദ്യം ചെയ്യുന്നതിനായുള്ള ഇന്ററോഗേഷൻ റൂമുകളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സി.സി.ടി.വി നിരീക്ഷണത്തോടെ നടത്തപ്പെടുന്ന ചോദ്യംചെയ്യൽ കുറ്റാന്വേഷണ പ്രക്രിയയിലും കസ്റ്റഡി മാനേജ്മെന്റിലും പ്രഫഷനലിസവും സുതാര്യതയും ഉറപ്പുവരുത്തും.
തടവിൽ പാർപ്പിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും മറ്റുള്ളവർക്കുമായി സി.സി.ടി.വി സുരക്ഷയോടുകൂടിയ പ്രത്യേകം സെല്ലുകളും ചർച്ചകൾ നടത്തുന്നതിനുള്ള മുറികളും ഉൾെപ്പടെ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന പൊലീസ് സേനയുടെ നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാറിന്റെ തനത് ഫണ്ടിൽനിന്ന് അനുവദിച്ച 1.45 കോടി രൂപ ഉപയോഗിച്ച് കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനാണ് കെട്ടിടം നിർമിച്ചത്.
ആശ്രാമത്ത് നടന്ന പരിപാടിയില്‍ എം. മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ഹണി ബെഞ്ചമിൻ, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്, ജില്ല പൊലീസ് മേധാവി കിരണ്‍ നാരായണന്, അഡീ. എസ്.പി എന്‍. ജിജി, എ.എസ്.പിമാരായ അഞ്ജലി ഭാവന, എസ്. ഷെരീഫ്, എ. പ്രദീപ്കുമാര്‍, എ നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.