1. ചവറയിൽ യു.ഡി.എഫ് സ്ഥാനാർഥി ആർ.എസ്.പിയുടെ ഷിബു ബേബിജോണിനായി ചുവരെഴുതിയപ്പോൾ 2. കൊല്ലം നിയമസഭ മണ്ഡലം എൽ.ഡി.എഫ്
സ്ഥാനാർഥി എസ്. ജയ മോഹന് വേണ്ടി ചുവരെഴുതുന്നു
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ ചുവരെഴുത്തടക്കം പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി.
കൊല്ലം, കുണ്ടറ, പത്തനാപുരം, ചടയമംഗലം, ഇരവിപുരം എന്നിവിടങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്കായും ചവറ, കരുനാഗപ്പള്ളി, കുണ്ടറ, കുന്നത്തൂർ എന്നിവിടങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കായും ചുവരെഴുത്തുകൾ ആരംഭിച്ചു.
ബൂത്ത് ലെവൽ ഏജന്‍റുമാരെ നിശ്ചയിച്ച് ചൂടേറിയ പ്രചാരണം തുടങ്ങി. വേനൽ ചൂടിലും വാശിയേറിയ പ്രവർത്തനത്തിലേക്ക് പ്രവർത്തകർ നീങ്ങി. കൊല്ലം നഗരത്തിൽ ഇടതുമുന്നണി സ്ഥാനാർഥി എസ്. ജയമോഹനുവേണ്ടി കഴിഞ്ഞദിവസം ഉച്ചക്ക് ചുവരെഴുത്ത് ആരംഭിച്ചു. കൊല്ലത്ത് ഇനിയും യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സ്ഥാനാർഥിയാകുമെന്ന് കരുതുന്ന ബിന്ദു കൃഷ്ണ നിശബ്ദ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ചവറയിൽ യു.ഡി.എഫ് സ്ഥാനാർഥി ആർ.എസ്.പിയുടെ ഷിബു ബേബിജോണിനായി ചുവരെഴുത്ത് ആരംഭിച്ചു. ചവറയിൽ ക്യാമ്പ് ചെയ്താണ് ഷിബുവിന്‍റെ പ്രവർത്തനം. എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിന്‍റെ സിറ്റിങ് എം.എൽ.എ സുജിത്ത് വിജയൻ പിള്ളയും പ്രവർത്തനരംഗത്ത് ഇറങ്ങിക്കഴിഞ്ഞു. പൗരപ്രമുഖരുടെ വീടുകൾ സന്ദർശിച്ചുള്ള പ്രവർത്തനമാണ് അദ്ദേഹത്തിന്‍റേത്. കുണ്ടറയിൽ സിറ്റിങ് എം.എൽ.എ പി.സി. വിഷ്ണുനാഥും ഇടത് സ്ഥാനാർഥി സി.പി.എമ്മിലെ എസ്.എൽ. സജികുമാറും പ്രവർത്തനം തുടങ്ങി.
കുന്നത്തൂരിൽ യു.ഡി.എഫിന്‍റെ ഉല്ലാസ് കോവൂർ പ്രചാരണ പ്രവർത്തനങ്ങളിൽ ബഹുദൂരം മുന്നിലാണ്. വളരെ നേരത്തേതന്നെ അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതാണ്. അതേസമയം, കുന്നത്തൂരിലെ സിറ്റിങ് എം.എൽ.എ കോവൂർ കുഞ്ഞുമോൻ മത്സരിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മണ്ഡലത്തിലെ സി.പി.എം പ്രവർത്തകർ ഇനിയും കുഞ്ഞുമോന്‍റെ സ്ഥാനാർഥിത്വം അംഗീകരിക്കാൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.