കൊല്ലം: സെക്രട്ടേറിയറ്റിനു മുന്നിൽ ആശാപ്രവർത്തകരുടെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജില്ലയിലെ കുലശേഖരപുരം പഞ്ചായത്തിൽ കെ.എസ് പുരം കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള 35 ആശമാരുടെ ഓണറേറിയം മൂന്നുമാസം പിന്നിട്ടിട്ടും നൽകിയിട്ടില്ലെന്ന് പരാതി.
ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഇവർ ജോലിചെയ്തതായി പലതവണ റിപ്പോർട്ട് നൽകിയിട്ടും തുടർനടപടിയുണ്ടായിട്ടില്ലെന്നും ആശമാർ പറഞ്ഞു. ഇതുസംബന്ധിച്ച പരാതി അറിയിക്കാൻ ഡി.പി.എമ്മുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഡി.പി.എം ഒഴിഞ്ഞുമാറുകയാണെന്നും നേരിൽ കാണാൻ ഓഫിസിൽ എത്തിയാൽ ഒഴിഞ്ഞുമാറുകയാണെന്നും ആശാപ്രവർത്തകർ പറയുന്നു. കുലശേഖരപുരം പഞ്ചായത്തിൽ 39 ആശാപ്രവർത്തകരാണുള്ളത്. ഇതിൽ അഞ്ചുപേർക്ക് മാത്രം ഓണറേറിയവും ഇൻസെന്റിവും നൽകിയിയിട്ടുള്ളത്.
ഓണറേറിയം ലഭിച്ച ആശകൾ സി.ഐ.ടിയുവിലുള്ള തൊഴിലാളികളാണെന്നും ഇവരും സമരത്തിൽ പങ്കെടുത്തിരുന്നതായും പ്രതിഷേധവുമായെത്തിയവർ ആരോപിച്ചു. എന്നാൽ, ഫെബ്രുവരി 17ന് ശേഷം ജോലിയിൽ പ്രവേശിക്കാതിരുന്ന തൊഴിലാളികളോട് മാർച്ച് മൂന്നിന് ജോലിയിൽ പ്രവേശിക്കണമെന്ന് ഡി.പി.എം ഓഫിസിൽനിന്ന് അറിയിപ്പ് നൽകിയിരുന്നതായും അതനുസരിച്ചെത്തിയ അഞ്ചുപേർക്കാണ് ഓണറേറിയം നൽകിയതെന്നും ഡി.പി.എം ഓഫിസ് അധികൃതർ വ്യക്തമാക്കിയിരുന്നു. ജില്ലയിൽ മറ്റു പഞ്ചായത്തുകളായ പത്തനാപുരം-18, തെന്മല-6, കുണ്ടറ -3, തൃക്കരുവ-9, വള്ളികാവ് -3 എന്നിങ്ങനെ തൊഴിലാളികളുടെ ഓണറേറിയം തടഞ്ഞുവെച്ചിട്ടുള്ളതായും പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.