കൊല്ലം: വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ വ്യാപക നടപടിയെടുത്ത് സിറ്റി പൊലീസിന്റെ സ്പെഷൽ ഡ്രൈവ്. വ്യാഴാഴ്ച രാത്രി ഏഴുമുതൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുവരെയാണ് സ്പെഷൽ ഡ്രൈവ് നടത്തിയത്. വാറൻഡ് നിലവിലുണ്ടായിരുന്നവർ ഉൾപ്പെടെ 169 ക്രിമിനൽ കേസ് പ്രതികളാണ് ഒരൊറ്റ ദിനത്തിൽ പിടിയിലായത്. സിറ്റി പരിധിയിൽ വ്യാപകമായി നടത്തിയ വാഹനപരിശോധനകളിലാണ് മദ്യപിച്ച് വാഹനമോടിച്ച 167 പേരെ പിടികൂടിയത്.
ഗുരുതര കേസുകളിൽ ഉൾപ്പെട്ട് മുങ്ങിനടന്ന ഒരാളെ വീതം അഞ്ചാലുംമൂട്, ചാത്തന്നൂർ, പാരിപ്പള്ളി സ്റ്റേഷൻ പരിധികളിൽനിന്ന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആറ് പ്രതികളെ ചാത്തന്നൂർ, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷൻ പരിധികളിൽനിന്ന് പിടികൂടി.
ജാമ്യമില്ല വാറണ്ട് പ്രകാരം 58 പേരും ലോങ് പെൻഡിങ് വാറണ്ട് പ്രകാരം 17 പേരും വിവിധ പൊലീസ് സ്റ്റേഷനുകളിൽ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശംവെച്ചതിന് 14 കേസുകളും എൻ.ഡി.പി.എസ് ആക്ട് പ്രകാരം 12 കേസുകളും അബ്കാരി ആക്ട് പ്രകാരം 59 കേസുകളും രജിസ്റ്റർ ചെയ്തു.
34 കെഡികളെയും 118 റൗഡികളെയും കാപ്പ നിയമപ്രകാരം സഞ്ചലനനിയന്ത്രണം ഏർപ്പെടുത്തിയ 14 പേരെയും സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി താമസസ്ഥലങ്ങളിൽ എത്തി പരിശോധിച്ചു. സാമൂഹിക വിരുദ്ധരെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും സമാനമായി കർശന പരിശോധന തുടരുമെന്നും സിറ്റി പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.