എസ്. ജയമോഹൻ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ
കൊല്ലം: കശുവണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം തേടിയുള്ള സംസ്ഥാന സർക്കാരിന്റെ കാഷ്യൂ കോൺക്ലേവിന് കൊല്ലത്ത് ഒരുക്കങ്ങളായി. ഒരുകാലത്ത് കേരളത്തിന്റെ സമ്പദ്ഘടനയുടെ തന്നെ നട്ടെല്ലായിരുന്ന കശുവണ്ടി വ്യവസായം ഏതാണ്ട് തകർന്ന നിലയിലാണ്, ഏകദേശം എണ്ണൂറോളം കശുവണ്ടി ഫാക്ടറികളാണ് അടച്ചുപൂട്ടിയത്. കശുവണ്ടി വികസന കോർപ്പറേഷന്റെയും കാപ്പക്സിന്റെയും നിയന്ത്രണത്തിലുള്ളതും ഏതാനും സ്വകാര്യ കമ്പനികളും മാത്രമാണ് ബാക്കിയുള്ളത്. ഈ സ്ഥാപനങ്ങളുടെ പ്രധാന വിപണനകേന്ദ്രമായിരുന്ന യു.എസ് പുതിയ ഇറക്കുമതി തീരുവകൂടി പ്രഖ്യാപിച്ചതോടെ ശേഷിക്കുന്ന കശുവണ്ടി വ്യവസായവും തകർച്ചയിലേക്ക് കൂപ്പ്കൂത്തുകയാണ്. ഈ സാഹചര്യത്തിൽ നടത്തുന്ന കോൺക്ലേവിന്റെ പ്രാധാന്യത്തെ കുറിച്ച് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
?കശുവണ്ടി വ്യവസായം പ്രതിസന്ധിയിലായതിന്റെ കാരണങ്ങൾ?
* കേരളത്തിലെ കശുവണ്ടി മേഖലയിലെ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടവ കർഷകർക്ക് താങ്ങുവില ലഭിക്കാതിരുന്നതും കച്ചവടക്കാർക്ക് ലാഭം കിട്ടാത്തതുമാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവും, വിദേശ ഇറക്കുമതി വർധിച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. സർക്കാർ ഇടപെടലിൽ തിരിച്ചുവരവിന് കളമൊരുങ്ങുമ്പോഴാണ് യു.എസിന്റെ തീരുവ വർധനവ്. കോവിഡ് കാലം വ്യവസായികളെ കടുത്ത പ്രതിസന്ധിയിലാക്കി. അത് മറികടക്കാൻ ബാങ്കുകളെ സമീപിച്ച വ്യവസായികൾക്ക് പുനർവായ്പയോ പുതുക്കികൊടുക്കലോ അനുവദിച്ചില്ല. കുടിശികയായി കിടക്കുന്ന വ്യവസായം എന്ന് പറഞ്ഞ് റിസർവ് ബാങ്കും കൈവിട്ടു. ഇതോടെ ബാങ്കുകൾ സർഫാസി ആക്ടുമായി രംഗത്തിറങ്ങിയത് വ്യവസായികളെ ആത്മഹത്യയിലേക്ക് വരെ നയിച്ചു. ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാവുകയും വ്യവസായസ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തോട്ടണ്ടി ഇറക്കുമതിക്ക് 9.33 ശതമാനം നികുതി ഏർപ്പെടുത്തിയപ്പോൾ അസംസ്കൃത കശുവണ്ടിയുടെ വിലയും കുതിച്ചു.
? ഇപ്പോൾ വിദേശ വിപണി തന്നെയാണല്ലോ പ്രധാന പ്രശ്നം. ട്രമ്പിന്റെ തീരുവ എങ്ങനെ നേരിടാനാണ് ഉദ്ദേശം?
*അഞ്ചുവർഷത്തിനിടെ കേരളത്തിലെ കശുവണ്ടിപരിപ്പിന്റെ യു.എസ് കയറ്റുമതിയിൽ 28 ശതമാനത്തിന്റെ വർധനവ് നേടിയിരുന്നു. അവിടത്തെ വിപണിയിൽ വിയറ്റ്നാമും ഐവറി കോസ്റ്റും കഴിഞ്ഞാൽ മൂന്നാം സ്ഥാനം നമ്മളായിരുന്നു. പരമ്പരാഗത മാതൃകയിൽ കശുവണ്ടി ചുട്ടു തല്ലി സംസ്കരിച്ച പരിപ്പ് നൽകുന്നതിനാലാണ് ഈ ഡിമാന്റ് കൈവന്നത്. മറ്റ് രാജ്യങ്ങളിൽ യന്ത്രവൽകൃത സംസ്കരണമാണ്. ഈ സന്ദർഭത്തിൽ അമേരിക്കയുടെ തീരുവ വർധന കയറ്റുമതിയെ കാര്യമായി ബാധിക്കും. ഈ സാഹചര്യത്തിൽ ബദൽ മാർഗങ്ങളെ കുറിച്ചാണ് കോൺക്ലേവ് ഒന്നാമതായി ചർച്ച ചെയ്യുന്നത്. മറ്റ് വിദേശ വിപണി കണ്ടെത്തുന്നതിനൊപ്പം ആഭ്യന്തരവിപണിയിലും നേട്ടം കൈവരിക്കേണ്ടതുണ്ട്.
?സാധാരണക്കാരിലേക്ക് പരിപ്പ് എത്തിയാലല്ലേ ആഭ്യന്തര വിപണിയിൽ മെച്ചമുണ്ടാക്കാനാവൂ?
*അതുതന്നെയാണ് ലക്ഷ്യം. പൊതുമേഖല സ്ഥാപനങ്ങളായ കശുവണ്ടി വികസന കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും ഉൽപന്നങ്ങൾ കെ സ്റ്റോർ വഴിയും റേഷൻ കടകൾ വഴിയും സാധാരണക്കാർക്ക് ലഭ്യമാക്കാനുള്ള ധാരണ പത്രം കോൺക്ലേവിൽ കൈമാറും.
? കശുമാവ് കൃഷി വ്യാപിക്കുന്നതിനു വേണ്ടി നൽകിയ തൈകൾ വഴി 23 ലക്ഷം മെട്രിക് ടൺ കശുവണ്ടി ഉൽപാദനം ലക്ഷ്യമിട്ടിരുന്നല്ലോ. ഇപ്പോൾ 2000 മെട്രിക് ടൺ സംഭരിക്കാൻ പോലും കഴിയുന്നില്ലെന്നും കണക്കുകൾ പറയുന്നു. അതെങ്ങനെ സംഭവിച്ചു?
*സംസ്ഥാനത്ത് കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി രൂപീകരിച്ച വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിനായി 2022-’23 ബജറ്റിൽ 30 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി തോട്ടണ്ടിയുടെ ലഭ്യത ഉറപ്പാക്കാൻ തരിശുഭൂമികളിലെ സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച യൂക്കാലി, അക്കേഷ്യപോലുള്ള മരങ്ങൾ വെട്ടിമാറ്റി കശുമാവ് കൃഷി ആരംഭിക്കുക എന്ന നയത്തിന് തുടക്കമിട്ടു. എന്നാൽ അത് വിപുലമായി നടപ്പാക്കാനായില്ല.
? ബാങ്കുകളുടെ സമീപനം അടക്കം കശുവണ്ടി വ്യവസായികളുടെ പ്രശ്നങ്ങളെ എങ്ങനെയാണ് പരിഹരിക്കുക?
*വ്യവസായികളെ സഹായിക്കാൻ സംസ്ഥാന സർക്കാർ തന്നെ നിരവധി പദ്ധതികൾ നടപ്പാക്കി. വ്യവസായികൾ തൊഴിലാളികൾക്ക് വേണ്ടി അടക്കുന്ന പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളുടെ ഒരു ഭാഗത്തിന് സർക്കാർ സാമ്പത്തിക സഹായം അനുവദിച്ചു. ഇപ്പോൾ പ്രവർത്തിക്കുന്ന വ്യവസായികളെയും പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ച് അപേക്ഷ നൽകിയവരെയും സഹായിച്ച് ഈ വ്യവസായത്തെ തിരിച്ചുപിടിക്കാനും കോൺക്ലേവ് ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.