പുനലൂർ: ശെന്തുരുണിയിൽ 143 ഇനം ഉഭയ-ഉരഗ ജീവികളെ കണ്ടെത്തി. ഇതിൽ ആറെണ്ണം പശ്ചിമഘട്ടത്തിലെ ഏറ്റവും അപൂർവ ഇനങ്ങളും അഗസ്ത്യമല ബയോസ്ഫിയറിൽ മാത്രം കാണുന്നവയാണെന്ന് സർവേ സംഘം അഭിപ്രായപ്പെട്ടു. അഗസ്ത്യമല ബയോസ്ഫിയറിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ ഉഭയ-ഉരഗ ജീവികളുടെ ആദ്യഘട്ട കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് അപൂർവ ഇനങ്ങളെ കണ്ടെത്തിയത്.
ഗവേഷകരും വിദ്യാർഥികളും പ്രകൃതി നിരീക്ഷകരും അടങ്ങുന്ന സംഘം ഒരേ സമയം വന്യജീവിസങ്കേതത്തിൽ നാല് ദിവസത്തോളം ക്യാമ്പ് ചെയ്തതാണ് സർവേ നടത്തിയത്. വനംവകുപ്പ്, ശെന്തുരുണി വന്യജീവിസങ്കേതം, ആരണ്യകം നേച്ചർ ഫൌണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന കണക്കെടുപ്പിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി, കേരള വന ഗവേഷണസ്ഥാപനം എന്ന് തുടങ്ങി പത്തോളം വിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങളും മലബാർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി, ഇക്കോളജിക്കൽ കൺസർവേഷൻ സൊസൈറ്റി തുടങ്ങിയ സന്നദ്ധസംഘടനകളിലും നിന്നുമായി 30 ഓളം വോളണ്ടിയർമാരും വനപാലകരും പങ്കെടുത്തു.
173 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന സംരക്ഷിത മേഖലയുടെ എല്ലാ ആവാസവ്യവസ്ഥകളും ഉൾപ്പെടുത്തി ഏഴ് ക്യാമ്പുകളായി തിരിച്ചു രാവും പകലുമായാണ് സർവേ നടത്തിയത്. സർവേയിൽ 67 ഇനം ഉഭയജീവികളെയും 76 ലധികം ഉരഗങ്ങളെയും രേഖപ്പെടുത്താനായി.
സങ്കേതത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ നിന്നു കണ്ടെത്തിയ മനോഹരി ഇലത്തവള, പച്ച ഈറ്റത്തവള, തെക്കൻ ചൊറിത്തവള, അഗസ്ത്യ പച്ചോലൻ, ഓറഞ്ച് ചുണ്ടൻ എന്നിവ പശ്ചിമഘട്ടത്തിലെ ഏറ്റവും അപൂർവമായ ഇനങ്ങളാണ്. സർവേയിൽ രേഖപ്പെടുത്തിയ ഒരിനം തവളയും പല്ലിയും കവചവാലൻ പാമ്പും വിശദമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. മുൻപുള്ള പഠനങ്ങളിൽ രേഖപ്പെടുത്താത്ത 18 ഇനം ഉഭയ ജീവികളെയും 28ഓളം ഉരഗ ജീവികളെയും സംരക്ഷിത പ്രദേശത്തു നിന്നും കൂടുതലായി കണ്ടെത്താൻ സാധിച്ചു.
മനോഹരി ഇലത്തവള, പുള്ളി പാറത്തവള, തെക്കൻ ചൊറി തവള, മല്ലൻ പിലിഗിരിയൻ, കാണി ഇലത്തവള തുടങ്ങി മൊത്തം 67 ഇനം ഉഭയജീവികളിൽ 55 ഓളം പശ്ചിമഘട്ട തദേശ്യ ജാതികളാണ്. ചോലക്കറുമ്പി, പച്ച ഈറ്റത്തവള, ചെറിയ ഇലത്തവള എന്ന വിഭാഗത്തിൽ ഉള്ളവ ഉൾപ്പടെ ഐ.യു.സി.എൻ ചുവപ്പ് പട്ടിക പ്രകാരം വംശനാശ ഭീഷണി നേരിടുന്ന 32 ഇനങ്ങളെയും കണ്ടെത്തി.
കണ്ടെത്തിയ 76 ഉരഗജീവികളിൽ 38 എണ്ണത്തോളം പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നവയാണ്. കൂടാതെ പതിമൂന്നോളം ഉരഗജീവികൾ ഐ.യു.സി. എൻ ചുവപ്പ് പട്ടികയിൽ പെടുന്നവയാണ്. പൂച്ചക്കണ്ണൻ പാമ്പുകളിൽ താരതമ്യേന അപൂർവമായ തിരുവിതാംകൂർ പൂച്ചക്കണ്ണൻ പാമ്പ്, അഗസ്ത്യമലനിരകളിൽ മാത്രം കാണുന്ന പച്ചോലൻ, തിരുവിതാംകൂർ പച്ചോലൻ, തിരുവിതാംകൂർ കുഴിമണ്ഡലി എന്നിവ ഉരഗജീവി വൈവിധ്യത്തിൽ ശെന്തുരുണിയുടെ പ്രാധാന്യം അറിയിക്കുന്നു. വൈൽഡ് ലൈഫ് വാർഡൻ എസ്. ഹീരാലാൽ സർവേ ഉദ്ഘാടനം ചെയ്തു. അസി. വാർഡൻ ടി.എസ്. സജു, ഗവേഷകരായ ഡോ. സന്ദീപ് ദാസ്, നിതിൻ ദിവാകർ, ആരണ്യകം മാനേജിങ് ട്രസ്റ്റി എസ്. ധ്രുവരാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.