കുന്നിക്കോട്: ഭരണസമിതിയുടെ തീരുമാനം ജലരേഖയാക്കി കോലിഞ്ചിമല പാറഖനനത്തിന് വിളക്കുടി പഞ്ചായത്ത് ലൈസന്‍സ് നല്‍കി. ക്വാറി നടത്തിപ്പിന് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് കഴിഞ്ഞ 16ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് പഞ്ചായത്ത് സെക്രട്ടറി ക്വാറിക്ക് ലൈസന്‍സ് നല്‍കിയത്. ജനകീയ പ്രക്ഷോഭം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലൈസന്‍സ് പുതുക്കേണ്ടെന്ന് തീരുമാനിച്ചത്.
എന്നാല്‍, ലൈസന്‍സ് വിഷയങ്ങളില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സ്വമേധയാ തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും മറ്റ് വകുപ്പുകളെല്ലാം ക്വാറിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് നല്‍കിയത്.
തിങ്കളാഴ്ച രാവിലെ പാറമടയില്‍ ക്രഷര്‍ യൂനിറ്റിന്റെയും ഖനനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച മലയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ഇത് പൊലീസ് തടഞ്ഞു.
തുടര്‍ന്ന് കുന്നിക്കോട് സ്റ്റേഷനില്‍ നാട്ടുകാരുടെയും സമരസമിതിയും ക്വാറി ഉടമകളുടെയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു. പാറഖനനത്തിനും ക്രഷര്‍ യൂനിറ്റിനുമായി വിവിധ വകുപ്പുകള്‍ നല്‍കിയ അനുമതികള്‍ ഉടമ പൊലീസിന് കൈമാറി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജനകീയ സമരസമിതിയുടെ ആവശ്യം പരിഗണിച്ച് പത്ത് ദിവസത്തേക്ക് പാറഖനനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.
പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍ അട്ടിമറിച്ച് പാറക്വാറിക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ ഭരണസമിതിയും സെക്രട്ടറിയും അഴിമതി നടത്തിയതായി കോലിഞ്ചിമല സംരക്ഷണസമിതി ആരോപിച്ചു.
സംഭവത്തില്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ ഫാ. ജോൺ മഠത്തിൽപറമ്പില്‍, പഞ്ചായത്തംഗം ബി. അജിത്ത് കുമാര്‍, കോലിഞ്ചിമല സംരക്ഷണ സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി വിഷ്ണു ജി. നാഥ്, തോമസുകുട്ടി, ജേക്കബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.