വി.ഡി. സതീശന്‍റെ പ്രസ്താവനക്ക്​ പിന്തുണയുമായി ടൈറ്റാനിയം ​എം​​പ്ലോയീസ്​ കോൺഗ്രസ്

കൊല്ലം: ഐ.എൻ.ടി.യു.സി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രസ്താവനക്ക്​ പിന്തുണയുമായി ചവറ കെ.എം.എം.എല്ലിലെ ഐ.എൻ.റ്റി.യു.സി യൂനിയനായ ടൈറ്റാനിയം കോപ്ലക്സ്​ എം​​പ്ലോയീസ്​ കോൺഗ്രസ്​. യൂനിയൻ പ്രസിഡന്‍റായ സതീശന്റെ അഭിപ്രായങ്ങളെ പിന്തുണക്കുന്നതായും എക്കാലവും തങ്ങളുടെ നിലപാട് അതുതന്നെയായിരിക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഐ.എൻ.റ്റി.യു.സി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന സതീശന്‍റെ അഭിപ്രായമാണ്​ യാഥാർഥ്യം. കോൺഗ്രസുമായി ബന്ധപ്പെട്ട ട്രേഡ് യൂനിയൻ മാത്രമാണ്​. സതീശന്‍റെ പ്രസ്താവനയെ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ്​ ആർ. ചന്ദ്രശേഖരൻ തള്ളിപ്പറഞ്ഞിട്ടില്ല. വി.ഡി. സതീശനെയും ആർ. ചന്ദ്രശേഖരനെയും ഒരുപോലെ അംഗീകരിക്കുന്ന നേതൃത്വമാണ് തങ്ങളുടേത്​. സി.ഐ.ടി.യുവിന്‍റെ ചില ജില്ല നേതാക്കൾ കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് ശ്രമിക്കുന്നത്. സതീശൻ കെ.എം.എം.എല്ലിലെ യൂനിയൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നാണ്​ അവർ ആവശ്യപ്പെടുന്നത്​. ഇക്കാര്യം പറയാൻ എന്ത് അർഹതയാണ് സി.ഐ.ടി.യുവിനുള്ളത്. ജനറൽ സെക്രട്ടറി ആർ. ജയകുമാർ, വൈസ്​ പ്രസിഡന്‍റ്​ വൈ. നജീം, സെക്രട്ടറി ആർ. ശ്രീജിത്​, എസ്​.ഷാജി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.