ജനകീയ സമരസമിതി സമരപന്തലിൽ വ്യാപാരി വ്യവസായി ഏകോപന സമിതി എത്തിയപ്പോൾ നടന്ന വാക്ക് തർക്കം
നീലേശ്വരം: നീലേശ്വരം നഗരത്തിന്റെ ജീവൽപ്രശ്നമായ ദേശീയപാതയിലെ ആകാശപാത ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് സ്വീകരിച്ച ബഹിഷ്കരണ നിലപാടിനെ ജനകീയ സമരസമിതി അപലപിച്ചു. ജനകീയസമിതിയെ ലേബൽ ഇല്ലാത്ത സംഘടന എന്ന് ആക്ഷേപിച്ച് ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്.
ജനകീയ സമരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയുടെയോ ലേബലിൽ അല്ല, മറിച്ച് നീലേശ്വരത്തിന്റെ വികസനം സ്വപ്നം കാണുന്ന സാധാരണ ജനങ്ങളുടെ കൂട്ടായ്മയിലാണ് നടക്കുന്നത്. ബുധനാഴ്ച രാവില 11ന് ഒരു പറ്റം വ്യാപാരികൾ സംഘമായി ജനകീയ സമരപ്പന്തലിൽ ഇരച്ചുകയറി നാടിനുവേണ്ടി സമരമിരിക്കുന്ന സാധാരണക്കാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണ്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്. ഇത് ജനകീയ സമരത്തോട് ഇവർക്കുള്ള പരസ്യമായ അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധ മനോഭാവവുമാണ് വ്യക്തമാക്കുന്നത്.
ജനകീയ സമരം തുടങ്ങിയതിനു ശേഷം മുഖം രക്ഷിക്കുന്നതിനുവേണ്ടി വളരെ വൈകി നഗരസഭയുടെ നേതൃത്വത്തിൽ തുടങ്ങിയ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അതേസമയം അതേ ആവശ്യത്തിനായി 65 ദിവസമായി നടക്കുന്ന ജനകീയ സമരത്തെ ബഹിഷ്കരിക്കുകയും ചെയ്യുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഇരട്ടത്താപ്പ് നിലപാട് ജനങ്ങൾക്ക് മനസ്സിലാകുന്നതാണ്. വ്യാപാരി സമൂഹത്തെ അടച്ചാക്ഷേപിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇത്തരം സമ്മർദ തന്ത്രങ്ങൾകൊണ്ട് ജനകീയസമരത്തെ പിന്തിരിപ്പിക്കാൻ കഴിയില്ല. ആകാശപാത യാഥാർഥ്യമാകുന്നതുവരെ സമരം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.