നീലേശ്വരം: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ ഉള്‍പ്പെട്ട ആറിലകണ്ടം പ്രദേശത്ത് പുഴ കരകവിഞ്ഞൊഴുകുന്നതു കാരണം കരയിടിഞ്ഞ് ഏഴോളം വീടുകൾ അപകടഭീഷണിയിൽ. പ്രദേശത്തെ വീടുകളിലേക്കുള്ള കുടിവെള്ള സ്രോതസ്സിന് സമീപം മണ്ണ് വലിയ രീതിയില്‍ വിണ്ടുകീറി പുഴയിലേക്ക് ഇടിഞ്ഞുതാഴാന്‍ പാകത്തിലാണ് നില്‍ക്കുന്നത്. ഇത് സമീപത്തെ വീടുകൾക്ക് വലിയ ഭീഷണിയായി. പുഴയിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഈ ഭാഗം പൂര്‍ണമായും ഒലിച്ചുപോവുകയും തൊട്ടടുത്തുള്ള വീടുകളുടെ അടിത്തറ ഇളകുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.
മണ്ണൊലിപ്പും ഇടിവും തടയുന്നതിനായി താല്‍കാലികമായി പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ച് സംരക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നുണ്ട്. എന്നാൽ ശക്തമായ മഴയിലും ഒഴുക്കിലും ഇത് ഒട്ടും സുരക്ഷിതമല്ല. കാലവര്‍ഷം കനക്കുന്നതോടെ ഏതുനിമിഷവും വലിയൊരപകടം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ഇവിടെയുള്ള കുടുംബങ്ങള്‍. അടിയന്തരമായി അധികൃതര്‍ ഇടപെട്ട് പുഴക്കരയില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ച് ഈ വീടുകളെയും കുടിവെള്ള സ്രോതസ്സിനെയും സംരക്ഷിക്കണമെന്നാണ് ആറിലകണ്ടം നിവാസികളുടെ ആവശ്യം. ബന്ധപ്പെട്ട റവന്യൂ -പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ സുരക്ഷനടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ശക്തമായി ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.