ചായ്യോം കണിയാട റെഡ് മൂൺ ഐലൻഡിലേക്കുള്ള ചങ്ങാടം മറിഞ്ഞപ്പോൾ

തോണി മറിഞ്ഞു; 14 അംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചായ്യോം കണിയാടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടായ റെഡ് മൂൺ ഐലൻഡിലേക്കുള്ള യാത്രാച്ചങ്ങാടം മറിഞ്ഞു. ഞായറാഴ്ചവൈകീട്ടാണ് സംഭവം. പുഴക്ക് മധ്യത്തിലുള്ള ദ്വീപുപോലുള്ള ചെറിയ പ്രദേശത്താണ് റിസോർട്ട് പ്രവർത്തിക്കുന്നത്.

മറുവശത്തുനിന്ന് കയർ കെട്ടിവലിക്കുന്ന ചങ്ങാടമാണിത്. ഭക്ഷണം കഴിക്കാനെത്തിയ തളിപ്പറമ്പിലെ പിഞ്ചുകുട്ടികൾ ഉൾപ്പെടെ 14 അംഗ കുടുംബം മറുവശത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ചങ്ങാടം മറിഞ്ഞത്. എല്ലാവരും വെള്ളത്തിൽ വീഴുകയായിരുന്നു. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള അടിയന്തര സുരക്ഷാസംവിധാനങ്ങൾ ഒന്നും ഇവിടെ ഏർപ്പെടുത്തിയില്ലെങ്കിലും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് നീലേശ്വരം പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. സാധാരണ 10 പേരെ വീതം ചങ്ങാടത്തിൽ കെട്ടിവലിച്ചാണത്രെ അക്കരെയെത്തിക്കാറ്. 14 പേർ മാത്രമായതിനാൽ എല്ലാവരോടും ഒറ്റ ട്രിപ്പിൽ കയറാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് പറയുന്നു. കുട്ടികളും പ്രായമായവരും എല്ലാം യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

കൂട്ടത്തിൽ ചിലർക്ക് നീന്തലറിയാമായിരുന്നു. ഇവർ മറ്റുള്ളവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ നാട്ടുകാരും ഓടിയെത്തി. പുഴയിൽ വീണവരിൽ ചിലർ നീന്തലറിയാതെ മുങ്ങിത്താഴ്ന്ന് വെള്ളം കുടിച്ചു. എല്ലാവരെയും കരക്കെത്തിച്ചശേഷം മൊബൈൽ ഫോണുകളും ബാഗുകളും ഉൾപ്പെടെ സാധനങ്ങൾക്കായി തിരച്ചിൽ തുടർന്നു. ഇതിനിടെ നീലേശ്വരം പൊലീസ് സംഘവും സ്ഥലത്തെത്തി തുടർനടപടികൾ ഏകോപിപ്പിച്ചു.നീലേശ്വരം സബ് ഇൻസ്പെക്ടർമാരായ കെ. അജിത, പി. സുഗുണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൽ.ആർ. ദിലീഷ് കുമാർ, സുജിത്, സുമേഷ് ബഡൂർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Boat capsizes; family of 14 miraculously survives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.