ദേശീയപാത നീ​ലേ​ശ്വ​രം റീ​ച്ചി​ൽ തി​ങ്ക​ളാ​ഴ്ച രൂ​പ​പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര

വെള്ളക്കെട്ടും സർവിസ് റോഡ് തകർച്ചയും; ദേശീയപാതയിൽ ഗതാഗത സ്തംഭനം

നീലേശ്വരം: സർവിസ് റോഡ് തകർച്ചയും വെള്ളക്കെട്ടും മൂലം ഹൈവേ നീലേശ്വരം റീച്ചിൽ ഗതാഗത സ്തംഭനം പതിവായി. ഞായറാഴ്ച പെയ്ത മഴയിൽ നീലേശ്വരം ഹൈവേ മുഴുവൻ വെളളക്കെട്ടിലായി. മഴ മാറി നിന്നപ്പോൾ പൊട്ടിപൊളിഞ്ഞ ഹൈവേ റോഡിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. തിങ്കളാഴ്ച രാവിലെ ഹൈവേയിൽ രൂപപെട്ട വാഹനങ്ങളുടെ നീണ്ടനിരയിൽ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങി കിടന്നത്. അതുവഴി വന്ന ആംബുലൻസും ഗതാഗതകുരുക്കിൽ പെട്ടു. നീലേശ്വരം കരുവാച്ചേരി മുതൽ നിടുങ്കണ്ടവരെയുള്ള ഒരു കിലോമീറ്റർ ദൂരമാണ് റോഡ് തകർച്ചയിലുള്ളത്.

ചിലയിടങ്ങളിൽ തകർന്ന് റോഡ് തന്നെ ഇല്ലാത്ത അവസ്ഥയാണ്. നീലേശ്വരം ഹൈവേ സർവിസ് റോഡ് പ്രവൃത്തി തുടങ്ങാൻ പറ്റാത്തതിന്‍റെ പ്രധാന കാരണം രണ്ട് സമരപന്തൽ ഉയർന്നതാണ്. നിലവിൽ മണ്ണിട്ടുയർത്തി ഹൈവേ റോഡ് നിർമിച്ചെങ്കിലും സമരം നടത്തുന്ന നഗരസഭ കർമസമിതി പുതിയ റോഡിൽ വാഹനങ്ങൾ കടത്തിവിടാൻ അനുവദിക്കുന്നില്ല. റോഡ് നിർമിക്കേണ്ട സ്ഥലത്ത് സമരപന്തൽ കെട്ടി അനിശ്ചിതകാല സമരം നടത്തുകയാണ്. ഹൈവേ ഉദ്യോഗസ്ഥർ സമരം അവസാനിപ്പിച്ച് റോഡ് പ്രവർത്തി നടത്താൻ പുതിയ റോഡിൽ കൂടി വാഹനങ്ങൾ കടത്തിവിടാൻ അനുവദിക്കണമെന്നാവശ്യപെട്ടുവെങ്കിലും സമരക്കാർ വഴങ്ങിയില്ല.

തുടർന്ന് റോഡ് പ്രവൃത്തി നടത്തുന്നതിന് വേണ്ട നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് കരാറുകാരൻ നീലേശ്വരം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഹൈവേയിൽ നീലേശ്വരത്ത് നിർമിച്ച മണ്ണിട്ട് ഉയർത്തിയ റോഡ് പൊളിച്ചുമാറ്റി പകരം തൂണിൽ നിർമിക്കുന്ന ആകാശപാത വേണമെന്നാവശ്യപെട്ടുകൊണ്ടാണ് നീലേശ്വരം നഗരസഭ നേതൃത്വം നൽകുന്ന കർമസമിതി ഹൈവേക്കരികിൽ അനിശ്ചിതകാല സമരം തുടങ്ങിയത്.

പൊലീസ് സ്റ്റേഷൻ മുതൽ നീലേശ്വരം പാലം വരെ തൂണിൽ നിർമിക്കുന്ന ഹൈവേ നിർമിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാൽ നീലേശ്വരം റീച്ചിലെ ഹൈവേ നിർമാണം 75 ശതമാനം പൂർത്തിയായെന്നും അവശേഷിക്കുന്ന പ്രവൃത്തി നടത്താൻ അനുവദിക്കണമെന്നുമാണ് കരാറുകാരന്‍റെ ആവശ്യം. എന്നാൽ കഴിഞ്ഞ ദിവസം ഹൈവേയിലെ പുതിയ റോഡിൽ വാഹനങ്ങൾ കടത്തിവിട്ടപ്പോൾ സമരസമിതി പ്രവർത്തകർ തടഞ്ഞു. ഇതോടെ റോഡ് പ്രവൃത്തി നടത്താൻ കഴിയാതെ കരാറുകാരനും പറ്റാത്ത സ്ഥിതിയായി.

കാലപഴക്കം കൊണ്ട് തകർച്ച നേരിടുന്ന 69 വർഷം പഴക്കമുള്ള നീലേശ്വരം പാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്നാവശ്യവും സമരസമിതി ഉന്നയിക്കുന്നുണ്ട്. തുടർന്ന് ദേശീയ പാത ഉദ്യോഗസ്ഥരും ചെന്നൈയിൽ നിന്നുള്ള വിദഗ്ധ സംഘവും പാലം സന്ദർശിച്ചിരുന്നു. ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ പാലം സന്ദർശിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇങ്ങനെ സർവീസ് റോഡും പാലത്തിന് മുകളിലുള്ള റോഡ് തകർച്ചയും മൂലമാണ് നീലേശ്വരം ഹൈവേയിൽ രാവും പകലും ഗതാഗത സ്തംതംഭനമുണ്ടാകുന്നത്.  

Tags:    
News Summary - Waterlogging and collapse of service road Traffic jam on National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.