നീലേശ്വരം ജി.എൽ.പി സ്കൂൾമുറ്റത്ത് ചെടിച്ചട്ടികൾ വെച്ച് അപകടമുന്നറിയിപ്പ് നൽകിയ നിലയിൽ
നീലേശ്വരം: ഓടിച്ചാടി കളിക്കേണ്ട സ്കൂൾമുറ്റം കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുന്നു. നീലേശ്വരം നഗരമധ്യത്തിലുള്ള ഗവ. എൽ.പി സ്കൂൾ മുറ്റമാണ് അപകടഭീതി പരത്തുന്നത്. പഴയ ഓടിട്ട കെട്ടിടം പൊളിച്ചാണ് നീലേശ്വരം ജി.എൽ.പി സ്കൂളിന് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ മൂന്നുനില കെട്ടിടം നിർമിച്ചത്. ഈ പഴയ കെട്ടിടത്തിന്റെ സമീപത്തുണ്ടായിരുന്ന കിണർ മൂടിയിരുന്നു. എന്നാൽ, പുതിയ പ്ലാൻ പ്രകാരം കെട്ടിടം നിർമിച്ചപ്പോൾ പഴയ കിണറിന്റെ സ്ഥാനം സ്കൂൾ മുറ്റമായി മാറി. ഇപ്പോൾ ശക്തമായ മഴയിൽ മൂടിയ കിണറിന്റെ ഭാഗം താഴ്ന്ന് പോകുകയും ദ്വാരം വീണ് മൂടിയ അവശിഷ്ടഭാഗങ്ങൾ പുറത്തേക്ക് കാണുകയും ചെയ്യുന്നു.
ഇന്റർലോക്ക് പാകിയ സ്കൂൾമുറ്റം കാണാൻ മനോഹരമെങ്കിലും ഇപ്പോൾ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാവുകയാണ്. ഇനി കൂടുതൽ മഴ പെയ്ത് മുറ്റം കൂടുതൽ താഴ്ന്നു പോയാൽ മൂന്ന് നില സ്കൂൾ കെട്ടിടത്തിനും നൂറുകണക്കിന് കുട്ടികളുടെ ജീവനും അപകടത്തിലാകുമോ എന്ന ഭയം അധ്യാപകർക്കും രക്ഷിതാക്കൾക്കുമുണ്ട്. ഇപ്പോൾ ചെടിച്ചട്ടി ഉപയോഗിച്ച് ചുറ്റുഭാഗം വെച്ച് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂൾ ബസും അധ്യാപകരുടെ വാഹനങ്ങളും സ്കൂൾ കോമ്പൗണ്ടിനകത്ത് കയറ്റുന്നുമുണ്ട്. കിണർ നല്ല രീതിയിൽ മൂടി ഉറപ്പിക്കാത്തതുകൊണ്ടാണ് സ്കൂൾ ഈ അപകടഭീഷണി നേരിടുന്ന്. നീലേശ്വരം നഗരസഭ അധികൃതർ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.