നീലേശ്വരം ജനകീയ സമരസമിതി പ്രവർത്തകർ മാർക്കറ്റ് ജങ്ഷനിലെ പൊടിശല്യത്തിൽ പ്രതിഷേധിക്കുന്നു
നീലേശ്വരം: ദേശീയപാതയിലെ അശാസ്ത്രീയ നിർമാണം മാർക്കറ്റ് ജങ്ഷനെ പൊടിപടലമാക്കുന്നു. ജില്ലി പൊടി ഉപയോഗിച്ച് റോഡിലെ കുഴികൾ താൽകാലികമായി നികത്തിയതിനെ തുടർന്നാണ് കനത്ത പൊടിശല്യം അനുഭവപ്പെടുന്നത്. പൊതുജനങ്ങൾക്ക് യാത്രചെയ്യാനും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാനും പ്രയാസമുണ്ടാകുന്ന സാഹചര്യമാണ്.
ആരോഗ്യത്തെയും സുരക്ഷയെയും അവഗണിച്ച് ഇത്തരം കണ്ണിൽ പൊടിയിടുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് നീലേശ്വരം ജനകീയ സമരസമിതി ഭാരവാഹികൾ പറഞ്ഞു. സമിതി ഇടപെട്ടതിനെ തുടർന്ന് താൽകാലിക ആശ്വാസമായി കൺസ്ട്രക്ഷൻ കമ്പനി ടാങ്കറിൽ വെള്ളം തളിച്ചു. നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത വേണമെന്ന ആവശ്യമുന്നയിച്ച് സമരം നടത്തുന്ന ജനകീയ സമര സമിതി പ്രവർത്തകർ നിർമാണ പ്രവർത്തനം നടക്കുന്ന പ്രദേശം സന്ദർശിച്ച് പ്രതിഷേധവും മുന്നറിയിപ്പും നൽകി.
ചൊവ്വാഴ്ചക്കുള്ളിൽ റോഡിലെ കുഴികൾ ശാസ്ത്രീയമായി ടാറിങ് നടത്തി പരിഹരിക്കണമെന്നും പൊടിശല്യം പൂർണമായി ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും മേഘ കൺസ്ട്രക്ഷൻ അധികൃതർക്ക് മുന്നറിയിപ്പ് നൽകി. നടപടികൾ ഇല്ലെങ്കിൽ നിർമാണം തടയൽ ഉൾപ്പെടെ സമര പരിപാടികളിലേക്ക് കടക്കുമെന്ന് ജനകീയ സമരസമിതി അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.