നീലേശ്വരം: അപകടഭീതിയിലായ നീലേശ്വരം ജി.എൽ.പി സ്കൂൾ മുറ്റത്തിന് പരിഹാരവുമായി നഗരസഭ ചെയർമാന്റെ ഇടപെടൽ. നഗരമധ്യത്തിലുള്ള ഗവ. എൽ.പി സ്കൂൾമുറ്റത്തെ മൂടിയ പഴയ കിണർ മഴ പെയ്തതോടെ വീണ്ടും പ്രത്യക്ഷമായതാണ് കുട്ടികളുടെ ജീവന് ഭീഷണിയായത്. സംഭവം സ്കൂൾ അധികൃതർ നഗരസഭ ചെയർമാന്റെ ശ്രദ്ധയിൽപെടുത്തുകയും സ്ഥലം സന്ദർശിക്കുകയുംചെയ്തു.
സ്കൂളിന്റെ പുതിയ കെട്ടിടം നിർമിച്ച ജില്ല നിർമിതി കേന്ദ്രം മാനേജറോട് സംഭവത്തിന്റെ ഗൗരവം ശ്രദ്ധയിൽപെടുത്തുകയും എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ചെയർമാൻ പി.പി. മുഹമ്മദ് റാഫി ‘മാധ്യമ’ത്തോട് പറഞ്ഞു. നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുന്ന കിണർ വീണ്ടും താഴാത്ത രൂപത്തിൽ ഉറപ്പിക്കണമെന്നും നിർമിതി കേന്ദ്രത്തോട് ചെയർമാൻ ആവശ്യപ്പെട്ടു. സ്കൂൾ മുറ്റത്ത് പാകിയ ഇന്റർലോക്ക് എടുത്തുമാറ്റി കുഴിയുടെ ആഴം മനസ്സിലാക്കി മഴ പെയ്താൽ വീണ്ടും താഴാത്ത നിലയിൽ നല്ല ഉറപ്പോട് കൂടി കോൺക്രീറ്റ് ചെയ്താൽ മാത്രമേ അപകട ഭീതി മാറുകയുള്ളൂ.
കുട്ടികളുടെ ജീവന് ഭീഷണിയായി സർക്കാർ സ്കൂൾ മുറ്റം എന്ന് തിങ്കളാഴ്ച ‘മാധ്യമ’ത്തിൽ വന്ന വാർത്തയോടെയാണ് നഗരസഭ വിഷയത്തിൽ ഇടപെട്ടത്. പഴയ ഓടിട്ട കെട്ടിടം പൊളിച്ചാണ് നീലേശ്വരം ജി.എൽ.പി സ്കൂളിന് മൂന്നുനില കെട്ടിടം നിർമിച്ചത്. ഈ പഴയ കെട്ടിടത്തിന്റെ സമീപത്തുണ്ടായിരുന്ന കിണർ മൂടിയിരുന്നു. എന്നാൽ പുതിയ പ്ലാൻ പ്രകാരം കെട്ടിടം നിർമിച്ചപ്പോൾ പഴയ കിണറിന്റെ സ്ഥാനം സ്കൂൾ മുറ്റമായി മാറി. ഇപ്പോൾ ശക്തമായ മഴയിൽ മൂടിയ കിണറിന്റെ ഭാഗം താഴ്ന്ന് പോകുകയും ദ്വാരം വീണ് മൂടിയ അവശിഷ്ട ഭാഗങ്ങൾ പുറത്തേക്ക് കാണുകയും ചെയ്യുന്നു. ഇന്റർലോക്ക് പാകിയ സ്കൂൾ മുറ്റം ഇപ്പോൾ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.