നീലേശ്വരം: സംസ്ഥാനത്തിന് ആവശ്യമായ മരുന്ന് ഭക്ഷ്യവസ്തുക്കൾ നിർമാണ മേഖലക്ക് ആവശ്യമായ കരിങ്കല്ല്, ചെങ്കല്ല്, മണൽ, മണ്ണ് തുടങ്ങി ജനജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന ചരക്കുകടത്ത് മേഖലയിലെ ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ 28ന് ജില്ലയിൽ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര ട്രാൻസ്പോർട്ട് നിയമത്തിന്റെ പേരിൽ റവന്യൂ, പൊലീസ്, ആർ.ടി.ഒ, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥന്മാർ തൊഴിലാളികളെ വേട്ടയാടുന്നു. ഖനന കേന്ദ്രത്തിൽ വെയ്ബ്രിഡ്ജ് സ്ഥാപിക്കാതെ, സർക്കാറിനെ വെട്ടിക്കുന്ന ഉടമകൾക്കെതിരെ നടപടി സ്വീകരിക്കാതെ വാഹനം വഴിയിൽ തടഞ്ഞുവെച്ച് പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടി തുടരുകയാണ്.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഡിപ്പോകളിൽ 40 വർഷത്തിലധികമായി തൊഴിലെടുക്കുന്ന വരെ പുറത്താക്കുന്നതിന് കരാറുകാർക്ക് അനുകൂലമായ പുതിയ ടെൻഡർ വ്യവസ്ഥ നടപ്പിലാക്കിയതുവഴി തൊഴിലാളികൾ കുടുംബസമേതം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.
വൻ നികുതി അടച്ച് സർവിസ് നടത്തുന്ന ടിപ്പർ വാഹനങ്ങളെ വഴിയിൽ തടഞ്ഞിട്ട് ക്രൂരമായി പീഡിപ്പിക്കുന്ന നടപടി ഉദ്യോഗസ്ഥർ തുടരുകയാണ്. ഇന്ധന വിലവർധനയും ഇൻഷുറൻസ് പ്രീമിയം വർധനയും കാരണം തകർന്നടിഞ്ഞ വ്യവസായത്തെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നിയമനിർമാണം നടപ്പാക്കണം.
ചരക്ക് വാഹന വാടക നിശ്ചയിക്കുന്നതിന് ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രൻ കമീഷന്റെ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇത്തരം പ്രശ്നങ്ങൾക്ക് സംസ്ഥാന സർക്കാർ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് 28ന് ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികളുടെ സംയുക്ത സൂചന പണിമുടക്ക്.
പരിഹാരം കാണാത്ത പക്ഷം അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനും സംയുക്ത ട്രേഡ് യൂനിയനുകൾ തീരുമാനിച്ചിട്ടുണ്ട്. പണിമുടക്കുന്ന തൊഴിലാളികൾ കോട്ടച്ചേരി മുതൽ പുതിയ കോട്ട ആർ.ടി.ഒ ഓഫിസ് വരെ മാർച്ച് നടത്തും. ടി.കെ. രാജൻ ഉദ്ഘാടനം ചെയ്യും. സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ കെ. ഉണ്ണി നായർ, വെങ്ങാട്ട് ശശി, പി. വിജയകുമാർ, ഷംസീർ മണിയനൊടി, വി.വി. സുധാകരൻ, സി. വിദ്യാധരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.