വൈദ്യുതിമന്ത്രി അഡ്വ. സണ്ണി ജോസഫ് കെ.എസ്.ഇ.ബിയുടെ ഉത്തരമലബാർ മേഖല പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുന്നു
കണ്ണൂർ: വൈദ്യുതിമുടക്കം, വോൾട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾ ഉൾപ്പെട്ട കെ.എസ്.ഇ.ബിയുടെ ഉത്തരമലബാർ മേഖല പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ ഫോൺവഴി ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണം. വൈദ്യുതിമുടക്കത്തിന് പുറമേ വോൾട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്നുണ്ടാകുന്ന സംഭവങ്ങൾമൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കിൽ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശികതലത്തിലുള്ള വാട്സ്ആപ് ഗ്രൂപ്പുകൾ, വെബ്സൈറ്റ്, മാധ്യമങ്ങൾ എന്നിവവഴി അറിയിക്കണമെന്നും നിർദേശമുണ്ട്.
പകൽസമയത്ത് സൗരോർജം ബാറ്ററിയിൽ സ്റ്റോർ ചെയ്ത് രാത്രി പീക് സമയങ്ങളിൽ വിതരണം ചെയ്യുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയിൽ മൂന്നു പദ്ധതികൾ അടുത്ത മാർച്ചിന് മുമ്പ് കമീഷൻ ചെയ്യാൻ കഴിയുമെന്ന് യോഗത്തിൽ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിൽ കേരളത്തിലെ ആദ്യത്തെ ബെസ് പദ്ധതി കാസർകോട് മൈലാട്ടിയിൽ ഈ ഡിസംബറിൽ കമീഷൻ ചെയ്യും. 125 മെഗാവാട്ടാണ് രാത്രി നാലുമണിക്കൂർ നേരം വിതരണം ചെയ്യാനായി പദ്ധതിയിൽനിന്ന് ഉൽപാദിപ്പിക്കുക. കണ്ണൂരിലെ ശ്രീകണ്ഠപുരം പദ്ധതിക്ക് 160 എം.ഡബ്ല്യൂ.എച്ച് ശേഷിയും കാസർകോട്ടെ മുള്ളേരിയിലേതിന് 60 എം.ഡബ്ല്യൂ.എച്ച് ശേഷിയുമാണുള്ളത്.
സർക്കാർ സ്ഥലം മാത്രം വിട്ടുനൽകി സ്വകാര്യ കമ്പനി സൗരോർജം സംഭരിച്ച് രാത്രിയിലെ നാലു മണിക്കൂർ നേരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇതുമൂലം സർക്കാറിന് യൂനിറ്റിന് ഏഴുരൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ. മൂന്ന് ജില്ലകളിലേയും പ്രശ്നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. മഴക്കാലത്ത് രാത്രികളിൽ അധിക ലൈൻമാന്റെ ഡ്യൂട്ടി അനുവദിക്കാനുള്ള പ്രപോസൽ തയാറാക്കാൻ മന്ത്രി നിർദേശം നൽകി.
യോഗത്തിൽ എം.എൽ.എമാരായ കെ.വി. സുമേഷ്, വി. കുഞ്ഞികൃഷ്ണൻ, വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കെ.എസ്.ഇ.ബി നോർത്ത് മലബാർ റീജ്യൻ ചീഫ് എൻജിനീയർ ടി.എസ്. ജയശ്രീ, മറ്റ് വൈദ്യുതി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.